Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ച് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂലമായ വിധി. ക്ഷേത്രത്തിന്റെ ഭരണം താത്ക്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീം കോടതി ഉത്തരവായി. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്ക്കാലിക സമിതി ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കണം.

പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമായി തുടരുമെന്നും എന്നാല്‍, അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീം കോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവില്ലെന്ന് പറഞ്ഞു. അതേസമയം, ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പുതുതായി രൂപവത്ക്കരിക്കുന്ന സമിതി തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സര്‍ക്കാറും രാജകുടുംബവും തമ്മില്‍ നിലനിന്ന വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് സുപ്രീം കോടതി വിധിയോടെ പര്യവസാനമാകുന്നത്.

ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജസ്റ്റിസ് എ കെ പട്‌നായിക് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ആദ്യം പരിഗണിച്ചിരുന്നത്. ഇവര്‍ വിരമിച്ചതോടെയാണ് ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബഞ്ചിലേക്ക് കേസ് എത്തിയത്. ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാറിന് വിട്ടുകൊടുത്തു കൊണ്ട് 2011-ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രഭരണം രാജാവിനാണെന്നും രാജാവിന്റെ അനന്തരാവകാശിക്ക് കേസിന്റെ നടത്തിപ്പ് കൈമാറാനാവില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്രത്തിലേയും നിലവറകളിലേയും അമൂല്യവസ്തുക്കളുടെ കണക്കെടുക്കണമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രനും ജസ്റ്റിസ് കെ സുരേന്ദ്ര മോഹനും അധ്യക്ഷനായ ബഞ്ച് അന്ന് വിധിച്ചു.

ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അതു നോക്കിനടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്നുമുള്ള വാദമാണ് രാജകുടുംബം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.

 

Latest