Connect with us

National

കവി വരവരറാവുവിന്റെ ആരോഗ്യനില അപകടത്തിലെന്ന് കുടുംബം

Published

|

Last Updated

മുംബൈ| എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യം വഷളായികൊണ്ടിരിക്കുകയാണെന്ന് കുടുംബം. അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

81കാരനായ കവി ഇപ്പോള്‍ മഹാരാഷ്ട്രയിലെ നവി മുംബൈയിലെ തലോജ ജയിലിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതില്‍ ആശങ്കയുണ്ടെന്ന് വരവരറാവിന്റെ ഭാര്യയും മക്കളും ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് 28ന് അബോധാവസ്ഥയിലായ വരവരറാവുവിനെ മുംബൈയിലെ ജെ ജെ ആശൂപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം മുതലാണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതെന്നും കുടുംബം പറഞ്ഞു.

അദ്ദേഹത്തെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കാണമെന്നും അവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 22മാസമായി റാവു ജയിലിലാണ്. അദ്ദേഹത്തിന് വേണ്ടി പലതവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും അതെല്ലാം കോടതി തള്ളിയിരുന്നു.