Connect with us

Editorial

കൃത്യമായ ആത്മഹത്യാ പ്രതിരോധ നയം വേണം

Published

|

Last Updated

ലോക്ക്ഡൗണ്‍ കാലത്ത്, അതായത് മാര്‍ച്ച് 25 മുതല്‍ ഇതുവരെ 66 കുട്ടികള്‍ സംസ്ഥാനത്ത് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തുവെന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വസ്തുതയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കുകയുണ്ടായി. അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ട സ്ഥിതിവിശേഷമാണിത്. ഇന്ത്യയില്‍, നേരത്തേ ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2019ല്‍ നാലാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. എന്നാല്‍ യുവാക്കള്‍ക്കിടയിലെ ആത്മഹത്യ പെരുകുകയാണ്. അണുകുടുംബങ്ങളിലെ അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, പ്രണയ നൈരാശ്യം, മാരകമായ അസുഖങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാത്തിടത്തോളം കാലം നാം അഭിമാനം കൊള്ളുന്ന നേട്ടങ്ങളെല്ലാം അപ്രസക്തമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. നിരവധി സാമൂഹിക, മത സംഘടനകള്‍ ബോധവത്കരണവും സഹായവുമായി രംഗത്തുണ്ട്. എന്നിട്ടും മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ ജീവിതം മതിയാക്കി യാത്രയാകുന്നു.

വൈകാരികമായ ആശ്രയം നഷ്ടപ്പെടുന്നതാണ് മിക്കവരുടെയും പ്രശ്‌നം. എവിടെയെങ്കിലുമൊന്ന് തന്റെ ഭാരങ്ങള്‍ ഇറക്കി വെക്കാന്‍ സാധിക്കാതെ ഉഴലുന്നവര്‍. സാമ്പത്തിക കുരുക്കിന് മുന്നില്‍ പരിഹാരത്തിന്റെ ചെറു വെളിച്ചം പോലും തെളിയാതിരിക്കുന്നവര്‍. വെളിച്ചം വരുമെന്ന് ഉറച്ച് വിശ്വസിച്ച് കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തവര്‍. ബന്ധങ്ങള്‍ തകരുമ്പോള്‍ സര്‍വവും തകര്‍ന്നുവെന്ന് കരുതുന്നവര്‍. കുടുംബ നാഥന്റെ തകര്‍ച്ച എല്ലാവരുടെയും തകര്‍ച്ചയായി ഏറ്റെടുക്കുന്നവര്‍… എല്ലാവരും മരണത്തിന്റെ വഴി തേടുന്നു. അടിയുറച്ച ദൈവ വിശ്വാസമുള്ളവരും മരണാനന്തര ജീവിതത്തെ കുറിച്ച് ഉറച്ച ബോധ്യങ്ങളുള്ളവരും ഈ നിരാശ്രയത്വത്തെ മറികടക്കുന്നു. അതുകൊണ്ടാണ് മതവിശ്വാസികളില്‍ വിശിഷ്യാ മുസ്‌ലിംകളില്‍ ആത്മഹത്യാ പ്രവണത കുറഞ്ഞിരിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം മുതിര്‍ന്നവരുടെ കാര്യമാണ്. കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? നിസ്സാര കാരണങ്ങളുടെ പേരില്‍ കടുംകൈ ചെയ്യുന്നതിലേക്ക് അവര്‍ നീങ്ങുന്നത് എന്തുകൊണ്ടാണ്? ജീവനൊടുക്കുന്ന കുട്ടികള്‍ സമൂഹത്തിന് മുന്നിലെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഏല്‍പ്പിക്കുന്ന ആഘാതമായി കൂടി 66 കുട്ടികളുടെ സ്വയംഹത്യ വിലയിരുത്തേണ്ടതുണ്ട്.

ഇതേക്കുറിച്ച് പഠിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചത് ശ്ലാഘനീയമായ നടപടിയാണ്. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി “ചിരി” എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നല്‍കുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ചികിത്സാ കേന്ദ്രങ്ങളും നമുക്ക് ആവശ്യമാണ്. അതിനാവശ്യമായ ദീര്‍ഘാ കാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

സ്‌കൂളുകളും കോളജുകളും അടഞ്ഞു കിടക്കുന്നത് കുട്ടികളെയും കൗമാരക്കാരെയും വൈകാരികമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ കുഞ്ഞുങ്ങളെയാണ് കൂടുതല്‍ അരക്ഷിതരാക്കുക. അതിനെ അവര്‍ പലപ്പോഴും തരണം ചെയ്തിരുന്നത് കൂട്ടുകാരുമായി ഇടപഴകുന്നതിലൂടെയായിരുന്നു. അധ്യാപകരുടെ പങ്കും വലുതാണ്. ഈ സാധ്യതയാണ് സ്‌കൂളുകള്‍ തുറക്കാതിരുന്നതോടെ നിലച്ചത്.
പഴയ തലമുറയിലെ കുട്ടികള്‍ വളര്‍ന്നത് കൂട്ടുകുടുംബ വ്യവസ്ഥിതികളിലായിരുന്നു. ഇപ്പോള്‍ ഭൂരിഭാഗവും അണുകുടുംബമാണ്. ഈ വ്യവസ്ഥിതിയിലാകട്ടെ വൈകാരിക ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികള്‍ കൂടുതലാണ്. ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോഴേക്കും തളര്‍ന്ന് പോകുന്നു അവര്‍. ലഹരിയുടെ വ്യാപനവും പ്രശ്‌നമാണ്. മത്സരാധിഷ്ഠിത വിദ്യാഭ്യാസ രീതിയും അവരില്‍ ആഘാതമുണ്ടാക്കുന്നു. അവരുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്‌നേഹപൂര്‍വം പെരുമാറാനും സാധിക്കണം. കുട്ടികളെയും കൗമാരക്കാരെയും സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തണം. അതേസമയം, അവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കുകയും വേണം. അമിതമായ ഉപദേശം കൊണ്ട് ഫലമില്ല. കുറ്റപ്പെടുത്തല്‍ വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. അവരെ അടുത്തറിയുക, ചേര്‍ത്ത് പിടിക്കുക എന്നത് തന്നെയാണ് പ്രധാനം. ചില കൗമാരക്കാരില്‍ കാണുന്ന ദുശ്ശാഠ്യവും ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടാനുള്ള പ്രവണതയും ഒരുപക്ഷേ, കോണ്ടക്ട് ഡിസോര്‍ഡര്‍ എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന അവസ്ഥയായിരിക്കാം. അത്തരക്കാര്‍ക്ക് കൗണ്‍സലിംഗും മരുന്നും ഒക്കെ വേണ്ടി വന്നേക്കാം.

ഇന്ത്യയില്‍ ഒരു ദിവസം 300 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. എന്നിട്ടും രാജ്യത്ത് കൃത്യമായ ആത്മഹത്യാ പ്രതിരോധ നയം ഇല്ലെന്നത് ഖേദകരമാണ്. സത്യത്തില്‍ ആത്മഹത്യാ പ്രതിരോധം സാമൂഹികമായി നടക്കേണ്ട പ്രക്രിയയാണ്. ഓരോരുത്തര്‍ക്കും അതില്‍ പങ്കാളിത്തമുണ്ട്. ജീവിത നൈരാശ്യത്തിലേക്ക് വീഴുന്നവരെ കണ്ടെത്താന്‍ ഇടപഴകലിലൂടെ സാധിക്കണം. അവരുമായി വിശദമായി സംസാരിക്കണം. പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേള്‍ക്കണം. ആ പ്രശ്‌നങ്ങളെ നമ്മുടെ പ്രശ്‌നങ്ങള്‍ അങ്ങോട്ട് പറഞ്ഞ് നിസ്സാരവത്കരിക്കരുത്. ഞാന്‍ കൂടെയുണ്ട് എന്ന ഉറപ്പാണ് നല്‍കേണ്ടത്. സ്വയം ആത്മവിശ്വാസം ആര്‍ജിക്കാനും മറ്റുള്ളവരില്‍ ആത്മവിശ്വാസം വളര്‍ത്താനും നമുക്ക് സാധിക്കണം. ഈ ദിശയില്‍ സര്‍ക്കാര്‍ നടത്തുന്ന ഏത് പദ്ധതിയെയും പിന്തുണക്കണം.

Latest