Connect with us

Ongoing News

1966ലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ അംഗം ജാക്ക് ചാള്‍ട്ടണ്‍ നിര്യാതനായി

Published

|

Last Updated

ലണ്ടന്‍ | 1966ലെ ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്ന ജാക്ക് ചാള്‍ട്ടണ്‍ നിര്യാതനായി. 85 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. നോര്‍തമ്പര്‍ലാന്‍ഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. “66ല്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്‌
കീഴടക്കിയാണ് ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിട്ടത്. ഇംഗ്ലണ്ടിന്റെ ആകെയുള്ള ലോകകപ്പ് കിരീട നേട്ടവും ഇതാണ്. മത്സരത്തില്‍ സെന്റര്‍ ബാക്കായിരുന്നു ചാള്‍ട്ടണ്‍. ഇളയ സഹോദരന്‍ ബോബി ചാള്‍ട്ടണും ടീമിലുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി ചാള്‍ട്ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

ലീഡ്‌സ് യുനൈറ്റഡ് ക്ലബ് താരമായിരുന്ന ചാള്‍ട്ടണ്‍ 23 വര്‍ഷത്തിനിടെ 773 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1990 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു. വിരമിച്ച ശേഷം അയര്‍ലന്‍ഡ് ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു. മിഡില്‍സ്ബറോ, ഷെഫീല്‍ഡ് വെനസ്‌ഡേ, ന്യൂകാസില്‍ ക്ലബുകളെയും പരിശീലിപ്പിച്ചു. 1994 ലോകകപ്പിലും 1988 യൂറോ കപ്പിലും അയര്‍ലന്‍ഡ് മികച്ച പ്രകടനം നടത്തിയത് ചാള്‍ട്ടന്റെ പരിശീലനത്തിനു കീഴിലായിരുന്നു. 1996ല്‍ അയര്‍ലന്‍ഡ് അദ്ദേഹത്തിന് പൗരത്വം നല്‍കി ആദരിച്ചു.

Latest