Connect with us

Covid19

കസാക്കിസ്ഥാനിൽ കൊവിഡിനേക്കാൾ മാരകമായ അജ്ഞാത ന്യുമോണിയ; മുന്നറിയിപ്പുമായി ചൈന

Published

|

Last Updated

ബീജിംഗ് | കൊവിഡ് 19 നേക്കാൾ മാരകമായ അജ്ഞാത ന്യുമോണിയ മധ്യേഷ്യൻ രാജ്യമായ കസാക്കിസ്ഥാനിൽ പടർന്നുപിടിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ 1,772 പേരാണ് ഇവിടെ ഈ രോഗം ബാധിച്ച് മരിച്ചത്. ജൂണിൽ മാത്രം മരണത്തിന് കീഴടങ്ങിയത് 628പേരാണ്.

കൊവിഡിനേക്കാൾ വളരെ ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തുന്ന മാരക രോഗമാണ് ഇവിടെ വ്യാപിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് പൗരന്മാർക്ക് കസാക്കിസ്ഥാനിലെ ചൈനീസ് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കസാക്കിസ്ഥാൻ ആരോഗ്യവകുപ്പ് ഉൾപ്പെടെ പല സംഘടനകളും ന്യൂമോണിയ വൈറസിനെ കണ്ടെത്താൻ പഠനം തുടങ്ങിയിട്ടുണ്ടെന്നും എംബസി വെളിപ്പെടുത്തി. ഈ രോഗത്തിന് കൊവിഡുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ന്യൂമോണിയ ചൈനയിലേക്ക് പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചൈനീസ് വിദഗ്ധർ പറഞ്ഞു. ചൈനയുടെ വടക്കുപടിഞ്ഞാറൻ സിൻജിയാംഗ് ഉയ്ഗൂർ സ്വയംഭരണപ്രദേശത്തിന്റെ അതിർത്തിയാണ് കസാക്കിസ്ഥാൻ.

അതേസമയം, രാജ്യത്ത് അജ്ഞാത ന്യുമോണിയ പടർന്നുപിടിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് മാധ്യമങ്ങൾ നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കസാക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണവൈറസ് വ്യാപനത്തിന്റെ തീവ്രത മറച്ചുവെക്കാനും പൊതുജന ശ്രദ്ധ തിരിച്ചുവിടാനുമാണ് ചൈന ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.