Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് 26506 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി |  അമേരിക്കക്ക് പിന്നാലെ ലോകത്ത് ഏറ്റവും വേഗതയില്‍ കൊവിഡ് വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 26506 കേസുകളും 475 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടായി ഇന്ത്യ മാറുകയാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് റേറ്റ് ഇന്ത്യയില്‍ കുറഞ്ഞിട്ടും രോഗികളുടെ എണ്ണത്തിലെ വലിയ വര്‍ധനവ് പേടിപ്പെടുത്തുന്നതാണ്.

രാജ്യത്ത് ഇതിനകം 793802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 21604 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 495513 പേര്‍ക്ക് രോഗം മാറിയപ്പോള്‍ 276685 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് ഇതിനകം 230599 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 9667 മരണങ്ങളുമുണ്ടായി. 24 മണിക്കൂറിനിടയില്‍ മാത്രം 6875 കേസും 219 മരണവും മഹാരാഷ്ട്രയിലുണ്ടായി. മുംബൈ നഗരം വൈറസിന്റെ പിടിയിലമര്‍ന്ന് കഴിഞ്ഞതായാണ് ഇതിനകം വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ഗുജറാത്തിലും യുപിയിലുമെല്ലാം രോഗ വ്യാപനം രൂക്ഷമാകുകയാണ്. യു പിയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നുകഴിഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ 4231 കേസുകളും 65 മരണവുമുണ്ടായി. സംസ്ഥാനത്ത് ഇതിനകം 126581 കേസും 1765 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിലും സമീപ ജില്ലകളിലുമാണ് തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷമായുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 107501 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3258 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇന്നലെ 2187 കേസും 45 മരണവും സംസ്ഥാനത്തുണ്ടായി.

ഗുജറാത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. 2008 മരണവും 39194 കേസുമാണ് ഗുജറാത്തിലുണ്ടായത്. യു പിയില്‍ 862, കര്‍ണാടകയില്‍ 486, ബംഗാളില്‍ 854, രാജസ്ഥാനില്‍ 491, മധ്യപ്രദേശില്‍ 634 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.