Connect with us

Kozhikode

ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചത് ശിവശങ്കറാണെന്ന് സംശയം: കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണോയെന്ന് സംശയമുണ്ടെന്ന് കെ മുരളീധരന്‍ എം പി.  ശ്രീറാം മദ്യപിച്ചോ എന്ന് അറിയാനുള്ള വൈദ്യപരിശോധനയ്ക്ക് ശ്രീറാമിനെ വിധേയനാക്കുന്നതില്‍ വീഴ്ച വരുത്തിയതിനു പിന്നില്‍ ശിവശങ്കര്‍ ആണോ എന്ന് ഇപ്പോള്‍ സംശയിക്കുന്നതായി മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു.

ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ നഗരത്തില്‍ പരസ്യമായി ഒരു സ്ത്രീയോടൊപ്പം സഞ്ചരിക്കുകയും മദ്യപിച്ച് വേഗത്തില്‍ കാറോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശ്രീറാമിനൊപ്പമുള്ള സ്ത്രീയും പറഞ്ഞിരുന്നു അദ്ദേഹമായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന്. ആദ്യം ഒരു സസ്‌പെന്‍ഷന്‍ പിന്നെ തിരിച്ചെടുക്കല്‍ ഇതാണ് ശ്രീറാം കേസില്‍ സംഭവിച്ചത്. ഇതേ ലോബി തന്നെയാണോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായും മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു ഫ്‌ളാറ്റില്‍ രാത്രികളില്‍ ചെന്ന് കുടിച്ച് കൂത്താടിയെന്ന് പരിസരവാസികളും റസിഡന്‍സ് അസോസിയേഷനുകളും പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത് മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടതല്ലേ. പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴിവിട്ട് സഞ്ചരിക്കുന്നുവെന്ന് ഏതെങ്കിലും റിപ്പോര്‍ട്ട് അദ്ദേഹത്തിന് ഇന്റലിജന്‍സ് കൊടുത്തിരുന്നോ. കൊടുത്തിരുന്നെങ്കില്‍ എന്തുകൊണ്ട് അത് മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ശിവശങ്കര്‍ സ്വപ്‌നയുടെ ഫ്‌ളാറ്റിലെത്തി കുടിച്ച് ബഹളമുണ്ടാക്കിയതിനെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അര്‍ധരാത്രിയില്‍ ഒരു ഫ്‌ളാറ്റിലേക്ക് തനിച്ച് പോകുന്നതും രാത്രി മുഴുവന്‍ അവിടെ ചിലവഴിക്കുന്നതും ഭരണഘടനയെ കുറിച്ച് സെമിനാര്‍ നടത്താനോ ഭാഗവത പാരായണത്തിനോ ഒന്നും ആയിരിക്കില്ലല്ലോ എന്നും മുരളീധരന്‍ പറഞ്ഞു. ഇതൊക്കെ നടക്കുന്നത് തലസ്ഥാനത്താണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് നടക്കുന്നത്. ഇതൊന്നും കണ്ടു പിടിക്കാന്‍ സാധിക്കുന്നില്ലേയെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണ്ട് സി പി എമ്മുകാര്‍ ചുമരുകളില്‍ എഴുതിയത് ചാര മുഖ്യന്‍ കെ കരുണാകരന്‍ രാജി വെക്കുകയെന്നായിരുന്നു. സ്വര്‍ണ കള്ളക്കടത്തിന് കൂട്ടു നിന്ന സ്വര്‍ണ മുഖ്യന്‍ രാജി വെക്കേണ്ടതല്ലേ? എന്ത് പറഞ്ഞാലും തനിക്കറിയില്ലെന്നാണ് മുഖ്യന്‍ പറയുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

സ്വപ്നയുമായി സ്വപ്നം പങ്കു വെക്കുന്ന പലരുമുണ്ട്. സ്വപ്നക്കൊപ്പം മുഖ്യന്റെ ഫോട്ടോ കണ്ടു. സരിതയുടെ കാലത്ത് മുഖ്യന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്. ഇവരെ നിയമിക്കാന്‍ ശിവശങ്കര്‍ മാത്രമല്ല ഒരു വിംഗ് തന്നെ ഉണ്ടായിരുന്നു. സ്വന്തം ഓഫിസിലെ ദൂഷിത വലയത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന ഉന്മാദത്തിന്റെ തടവുകാരനായി പിണറായി മാറിയെന്നും മുരളീധരന്‍ ആരോപിച്ചു.

സിബിഐ അന്വേഷിച്ചാല്‍ പല കാര്യങ്ങള്‍ക്കും മറുപടിയാകും. സ്പ്രിങ്ക്‌ളര്‍, ബെവ് ക്യു ആപ്പ് അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരും. ഇനി പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവശ്യപ്പെട്ട സ്ഥിതിക്ക് അടിയന്തരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യന്‍ രാജി പ്രഖ്യാപിക്കണം, ധാര്‍മികത കാണിക്കണം. രാജന്‍ കേസില്‍ കരുണാകരന്‍ കാണിച്ച ധാര്‍മിക നീതി കാണിക്കണം. ശിവശങ്കറിന് അവധി കൊടുക്കുകയല്ല വേണ്ടത്, സസ്‌പെന്‍ഡ് ചെയ്യണം. ലാവ്‌ലിന്‍ അന്വേഷിച്ച പോലെയല്ല ഇതു അന്വേഷിക്കേണ്ടതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സോളാര്‍ വിഷയത്തില്‍ ഏതു അന്വേഷണവും നടത്താമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതാണ്. നിരവധി ചോദ്യംചെയ്യലുകള്‍ക്ക് വിധേയമായാണ് ഉമ്മന്‍ചാണ്ടി നിരപരാധിത്വം തെളിയിച്ചത്. ഏതു കേസ് പൊടി തട്ടിയെടുത്താലും യു ഡി എഫിന് പ്രശ്‌നമല്ല. മുഖ്യമന്ത്രി കാലാവധി തികക്കില്ല. ഈ കേസ് മര്യാദക്ക് അന്വേഷിച്ചാല്‍ വൈകാതെ ഇറങ്ങി പോകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെ ഈ സ്ത്രീയെ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോകോള്‍ നോക്കാതെ സമരം തുടങ്ങേണ്ടി വരും. കേന്ദ്രമന്ത്രി വി മുരളീധരന് ഒരു കാര്യവും അറിയില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഒത്തുകളി നടന്നുവെന്ന് കരുതേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

Latest