Connect with us

Covid19

തിരുവനന്തപുരത്തെ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ്; മേഖലയില്‍ സ്ഥിതി അതീവ ഗുരുതരം: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ജില്ലയിലെ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചിരിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ന് മാത്രം 55 പേര്‍ക്കാണ് മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍ നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 ഉം കൊവിഡ് പോസിറ്റീവാണ്. ആദ്യ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് സംശയിക്കുന്നത്.

ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചവരുടെ എല്ലാ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളും കണ്ടെത്തി പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സ്ഥിരീകരിക്കുന്ന എല്ലാവരേയും ഉടന്‍തന്നെ ആശുപത്രികളിലേക്ക് മാറ്റും. പൂന്തുറയില്‍ 25 കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും ആറ് സംഘങ്ങളുടെ പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
മേഖലയില്‍ കൊവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നതിന് വ്യാപക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി മതസാമുദായിക നേതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ഉച്ചഭാഷിണിയിലൂടെ പോലീസിന്റെ പ്രചാരണവും ഉണ്ടാവും.

എല്ലാ പ്രധാനപ്പെട്ട റോഡുകളും ഇടവഴികളും തെരുവുകളും അണുനശീകരണം നടത്തും. 10ാം തീയതി ഈ മേഖലകളിലെ മുഴുവന്‍ വീടുകളിലും അണുനശീകരണം നടത്തും. ഇതിനാവശ്യമുള്ള സൊലൂഷ്യന്‍ ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പൗഡര്‍ ആവശ്യമെങ്കില്‍ തിരുവനന്തപുരം നഗരസഭ വിതരണം ചെയ്യും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് 20 മിനുട്ട് വച്ചിരുന്നാല്‍ അണുനശീകരണ ലായനി തയാറാകും. ഇത് വീടും വീട്ടുപകരണങ്ങളും പരിസരവും ശുചീകരിക്കാന്‍ ഉപയോഗിക്കാം. മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ലഭ്യതക്കുറവ് പരിഹരിക്കുമെന്നും കോര്‍പ്പറേന്‍ കൗണ്‍സിലര്‍മാരിലൂടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കാരോട് ഗ്രാമ പഞ്ചായത്തിലെ കാക്കാവിള (വാര്‍ഡ് നമ്പര്‍ 14), പുതുശ്ശേരി വാര്‍ഡ് നമ്പര്‍ 15), പുതിയ ഉച്ചകട(വാര്‍ഡ് നമ്പര്‍ 16) എന്നിവയും, ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ ഇവിടങ്ങളിലുള്ളവര്‍ പുറത്തു പോകാന്‍ പാടില്ല. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക് ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും സര്‍ക്കാര്‍ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.