Connect with us

Gulf

തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ ഗർഭിണി നാടണഞ്ഞു

Published

|

Last Updated

അജ്മാൻ | ഗർഭിണിയാണെന്നറിയാതെ കുടുംബം പോറ്റാൻ പ്രവാസലോകത്തെത്തി ഏജന്റിനാൽ വഞ്ചിക്കപ്പെട്ട്, പെരുവഴിയിലായ നിർധന തമിഴ് യുവതിക്ക് നാടണയാൻ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ കാരുണ്യഹസ്തം.

ജോലിതേടി സന്ദർശക വിസയിൽ ഫെബ്രുവരി 22ന് യുഎഇയിൽ എത്തിയതായിരുന്നു വെല്ലൂർ കാട്പാടി കാസിക്കുട്ടെ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി.
നിത്യരോഗിയായ അച്ഛൻ, കൂലിവേലക്കാരനായ ഭർത്താവ്, രണ്ടു സഹോദരങ്ങൾ എന്നിവരാണ് പട്ടിണിയും പരിവട്ടവുമുള്ള വീട്ടിലെ മറ്റംഗങ്ങൾ. തരക്കേടില്ലാത്ത ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തു തമിഴ്‌നാട്ടുകാരൻ ഏജന്റ് മുഖേന എത്തിയതായിരുന്നു.

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാൽ പ്രതീക്ഷിച്ച ജോലി കിട്ടിയില്ല. പിന്നെ അജ്മാനിലെ ഒരു തമിഴ്കുടുംബത്തിൽ വീട്ടുവേലക്കാരിയായി.
വിസ എടുക്കാനുള്ള നടപടിയുടെ ഭാഗമായി വൈദ്യപരിശോധനക്ക് വിധേയമായപ്പോഴാണ് യുവതി രണ്ടുമാസം ഗർഭിണിയാണെന്ന് ബോധ്യപ്പെട്ടത്. അതോടെ സ്‌പോൺസർ ജോലിയിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഏജന്റ് തരപ്പെടുത്തിയ ബെഡ് സ്‌പേസിൽ മറ്റു വഴികളില്ലാതെ രണ്ടുമാസത്തോളം കഴിഞ്ഞു. മുറിവാടക കുടിശ്ശിക വന്നതോടെ ഏജന്റിനെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഇതോടെ ഫ്ളാറ്റ് നടത്തിപ്പുകാരൻ മുറിയിൽനിന്ന് പുറത്താക്കി. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോൾ ഗത്യന്തരമില്ലാതെ വലഞ്ഞ യുവതി സുമനസ്സുകൾ മുഖേനയാണ് അജ്മാൻ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്.

യുവതിയുടെ ദയനീയത ബോധ്യപ്പെട്ട പൊലീസ്, ഇന്ത്യൻ സോഷ്യൽ സെന്ററുമായി ബന്ധപ്പെടുകയായിരുന്നു. സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ ബേപ്പ്, ഷാഹിദാ അബൂബക്കർ എന്നിവർ സ്റ്റേഷനിലെത്തി
യുവതിയുടെ പൂർണ സംരക്ഷണ ചുമതല ഏറ്റെടുത്തു. പ്രസിഡന്റ് ജാസിം മുഹമ്മദ് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലെത്തി വിവരങ്ങൾ ധരിപ്പിക്കുകയും യുവതിയുടെ സമ്പൂർണ രേഖകൾ സമർപിച്ച് യാത്രാനുമതി നേടിയെടുക്കുകയും ചെയ്തു.

സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാൻ സൗജന്യമായി ടിക്കറ്റ് എടുത്തുനൽകിയതും ഇന്ത്യൻ സോഷ്യൽ സെന്റർ തന്നെ.

---- facebook comment plugin here -----

Latest