Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ് സി ബി ഐക്ക് വിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് തന്നിലേക്ക് കാര്യം എത്തുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവിനെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയോ, പ്രൈവറ്റ് സെക്രട്ടറിയോ ഒരു കാര്യം ചെയ്താല്‍ ഉത്തരവാദിത്വം മന്ത്രിക്ക് തന്നെയാണ്. ഇതിനാല്‍ ശിവശങ്കറുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. എന്നാല്‍ മുഖ്യമന്ത്രി ബലിയാടുകളെ തേടിനടക്കുന്നതായാണ് ഇപ്പോഴത്തെ നടപടി സൂചിപ്പിക്കുന്നത്. ശിവശങ്കറിനെതിരെ പ്രതിപക്ഷം നേരത്തെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ആരോപണങ്ങള്‍ ഏറെ ദുരൂഹമാണ്. കേരളത്തെ നടുക്കിയ ഒരു സംഭവമാണ്. അന്താരാഷ്ട്ര ബന്ധമുള്ള കേസാണിത്. ഇതിനാല്‍ കേസില്‍ സി ബി ഐ അന്വേഷണം അനിവാര്യമാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍ കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ മാറ്റിയതുകൊണ്ട് കേസ് അവസാനിക്കില്ല. തൊലിപ്പുറത്തെ ചികിത്സകൊണ്ട് രക്ഷപ്പെടില്ല. ഇത് രാജ്യാന്തര ബന്ധമുള്ള കേസാണ്. ഇതിനാല്‍ കേസ് സി ബി ഐ അന്വേഷണത്തിന് വിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് താന്‍ വെല്ലുവിളിക്കുകയാണ്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയും തരംതാണ രൂപത്തില്‍ ഇടപെട്ടതായി കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതിശക്തമായ നിലയില്‍ കേരളത്തിലെ പ്രതിപക്ഷം വിഷയം മുന്നോട്ടുകൊണ്ടുപോകും. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അഴിമതിയുടെ നീണ്ട കഥകള്‍ ഇനിയും പുറത്തുവരാനുണ്ട്. ഐ ടി വകുപ്പില്‍ നടക്കുന്ന നടക്കുന്ന അനധികൃത നിയമനങ്ങള്‍ നിരവധിയാണ്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ലെങ്കില്‍ അദ്ദേഹം സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന വ്യക്തി തന്റെ വകുപ്പില്‍ നിയമിക്കപ്പെടുമ്പോള്‍ മുഖ്യമത്രി അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.