Connect with us

Kozhikode

ഖുർആൻ ആംഗ്യഭാഷയിലൂടെ ഓതാൻ പഠിപ്പിച്ച് അസ്സയിൻ മുസ്‌ലിയാർ

Published

|

Last Updated

കോഴിക്കോട് | അറബിക് സൈൻ ലാംഗ്വേജിലൂടെ ബധിര മൂക വിദ്യാർഥികൾക്ക് ഖുർആൻ വെളിച്ചം നൽകി അസ്സയിൻ മുസ്‌ലിയാർ. കാഴ്ചാ പരിമിതർക്ക് ബ്രെയിൽ ലിപിയിൽ ഖുർആൻ ഓതുന്നതിന് സംവിധാനമുണ്ടെങ്കിലും ഇത്തരം വിദ്യാർഥികൾക്ക് അറബിക് സൈൻ ലാംഗ്വേജിലൂടെ ഖുർആൻ നോക്കി ഓതുന്നത് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് തന്നെ അപൂർവങ്ങളിൽ അപൂർവമാണ്. ഇക്കാര്യം മനസ്സിലാക്കിയാണ് അറബിക് സൈൻ ലാംഗ്വേജ് വശമുള്ള കളൻതോട് ആലുംകണ്ടി അസ്സയിൻ മുസ്‌ലിയാർ ഈ രംഗത്തേക്ക് കടന്നത്.

കോഴിക്കോട് കൊടുവള്ളിയിലുള്ള ഖുർആൻ അക്കാദമിയിലാണ് ഖുർആൻ പഠിപ്പിക്കാൻ ഇദ്ദേഹം സംവിധാനമുണ്ടാക്കിയത്. തുടക്കത്തിൽ രണ്ട് വിദ്യാർഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, രക്ഷിതാക്കളുടെ താത്പര്യപ്രകാരം കൂടുതൽ ബധിര മൂക വിദ്യാർഥികൾ സെന്ററിലേക്കെത്തി. നിലവിൽ 32 വിദ്യാർഥികളാണ് സെന്ററിലുള്ളത്. എന്നാൽ, ലോക്ക്ഡൗണായതിനെ തുടർന്ന് തത്കാലികമായി ക്ലാസ് നടക്കുന്നില്ല. ലോക്ക്ഡൗണിന് മുമ്പ് ഞായറാഴ്ചകളിലായിരുന്നു ക്ലാസ്. മൂന്ന് മാസത്തെ ക്ലാസിന് ശേഷം പൂർണമായും ഖുർആൻ ആംഗ്യഭാഷയിൽ ഓതാൻ പഠിച്ച മൂന്ന് വിദ്യാർഥികളുണ്ട്- ഫാത്വിമ ഹന്ന, ആലിയ, ശിഫാന. മൂന്ന് പേരും കോഴിക്കോട് റഹ്‌മാനിയ സ്‌കൂൾ ഫോർ ഹാൻഡിക്യാപ്ഡിലെ പ്ലസ് വൺ വിദ്യാർഥികളാണ്.
ഖുർആൻ 30 ജുസ്ഉം ഇവർ നോക്കി “ഓതും”. മൂന്ന് പേരും ഖുർആൻ പൂർണമായും അറബിക് സൈൻ ലാംഗ്വേജിലൂടെ പഠിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് അസ്സയിൻ മുസ്‌ല്യാർ പറഞ്ഞു.

2006ൽ കാസർകോട് തുരുത്തിയിലെ യു പി സ്‌കൂളിൽ അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷമാണ് ഖുർആൻ അധ്യാപന മേഖലയിലേക്ക് ഇങ്ങിത്തിരിച്ചത്. ഖുർആനിന്റെ പാരായണ നിയമങ്ങൾ(തജ്‌വീദ്) സംബന്ധിച്ച് പല സ്ഥലങ്ങളിലും ക്ലാസ്സെടുക്കാറുണ്ട്.

വിദേശത്ത് നിന്ന് സുഹൃത്ത് വഴി ലഭിച്ച അറബിക് സൈൻ ലാംഗ്വജ് വിവരങ്ങളാണ് അസ്സയിൻ മുസ്‌ല്യാർക്ക് ബധിരരും മൂകരുമായ വിദ്യാർഥികളെ ഖുർആൻ പഠിപ്പിക്കാൻ പ്രചോദനമായത്.

ഇതിന്റെ സാധ്യതകൾ പഠിക്കാൻ വിവിധ ബധിര മൂക പഠന വിദ്യാലയങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. എന്നാൽ, ബധിരർക്ക് പൂർണമായി ഖുർആനും മതപരമായ കാര്യങ്ങളും പഠിക്കാൻ എവിടെയും അദ്ദേഹം സൗകര്യം കണ്ടില്ല. ഇതേത്തുടർന്ന് കൊടുവള്ളിയിൽ കേന്ദ്രം സജ്ജീകരിക്കുകയും പഠിപ്പിക്കാൻ രംഗത്തിറങ്ങുകയുമായിരുന്നു.

ഭൗതിക പഠന രംഗത്ത് മുന്നേറുന്ന ബധിര മൂക വിദ്യാർഥികൾക്ക് മതം പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് അസ്സയിൻ മുസ്‌ലിയാരുടെ ആഗ്രഹം. ഇതിന് ബധിരരും മൂകരുമായ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സഹകരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest