Connect with us

National

ഒഡീഷയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഭൂവനേശ്വര്‍| ഒഡീഷയിലെ കന്ദമല്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിലര്‍ക്ക് പരുക്കേറ്റതായും ഡി ജി പി അഭയ് പറഞ്ഞു.

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ജില്ലാ വോളന്ററി ഫോഴ്‌സും തമ്മില്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. കന്ദമല്‍ ജില്ലയിലെ തുംദിബന്ദ വനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ഒളിത്താവളത്തിനടുത്ത് എത്തിയപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഡി ജി പി പറഞ്ഞു. നിരവധി ആയുധങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

നിരോധിത സംഘടനയായ മാവോയിസ്റ്റ് ഗ്രൂപ്പിലെ ബന്ദേശ്വര-നാഗവല്ലി-ഗുംസര്‍ ഡിവിഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട നാലുപേരും. ഓപ്പറേഷന്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഒരു വനിതാ മാവോയിസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച കന്ദമല്‍ എസ് പി പ്രതീക് സിംഗ് പറഞ്ഞു.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ചീഫ് സെക്രട്ടറി ഏ കെ ത്രിപാഠി രംഗത്തെത്തി. കന്ദമലിലെ ഓപ്പറേഷന്‍ വിജയകരമാക്കിയ ഒഡീഷ പോലീസിനും ജവാന്‍മര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനം നേരുന്നു എന്ന് പറഞ്ഞ അദ്ദേഹം ഇത് നമമ്ുടെ സംസ്ഥാനത്തെ തീവ്രവാദമുക്കതമാക്കുന്നതിനുള്ള ചവിട്ടു പടിയായിരിക്കുമെന്നും കൂട്ടിചേര്‍ത്തു.

Latest