Connect with us

National

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍; യാത്ര മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിനൊപ്പമുണ്ട്. ലേയിലേയും ലഡാക്കിലേയും ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ അദ്ദേഹം സന്ദര്‍ശിക്കും. അതിര്‍ത്തിയിലെത്തി സേന വിന്യാസം പരിശോധിക്കും. അതിര്‍ത്തിയില്‍ നിമുവില്‍ സൈനികന്‍ കാവല്‍ നില്‍ക്കുന്ന മുന്‍നിര പോസ്റ്റുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

രാജ്യത്തിന്റെ തന്ത്രപ്രധാന പോസ്റ്റുകളിലൊന്നാണിത്.
11000 അടി ഉയരത്തിലുള്ള സേന മുന്‍നിര പോസ്റ്റിലെത്തിയ പ്രധാനമന്ത്രി സൈനികരുമായി ചര്‍ച്ച നടത്തി. ഐ ടി ബി പിയിലേയും എയര്‍ ഫോഴ്‌സിലേയും സൈനികരുമായി പ്രധാനമന്ത്രി ഇവിടെവെച്ച് ആശയ വിനിമയം നടത്തിയത്. ഇവിടെ സുരക്ഷ സംബന്ധിച്ച ഒരു അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് അറിയുന്നത്.

അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. രാജ്യം ഒട്ടാകെ സൈനികര്‍ക്ക് ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കുകയാണ് സന്ദര്‍ശന ലക്ഷ്യം.

മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പുലര്‍ച്ചെ ലേയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ലഡാക്കിലേക്ക് പോകുകയുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനം.

ഗാല്‍വന്‍ താഴ്‌വരയിലെ അതിര്‍ത്തി മേഖലകളിലെല്ലാം മോദി എത്തിയതായാണ് വിവരം. നേരത്തെ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദര്‍ശക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദ് ചെയ്തതായി ഇന്നലെ അറിയിക്കുകയായിരുന്നു. എന്നാല്‍ എന്തിനാണ് രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. മോദിയുടെ സന്ദര്‍ശനത്തിന് വേണ്ടിയായിരുന്നു ഇതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

 

 

Latest