Connect with us

Kerala

നിയമം വെള്ളാപ്പള്ളിക്കും ബാധകം; മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം | എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സുധീരന്‍ കത്തയച്ചു. വെള്ളാപ്പള്ളി നടേശനും സംഘവുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് മഹേശന്റെ കുറിപ്പുകളില്‍ നിന്നും അനുബന്ധ രേഖകളില്‍ നിന്നു വ്യക്തമാകുന്നുണ്ട്. നിയമം വെളളാപ്പള്ളിക്കും ബാധകമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.

എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃസ്ഥാനത്തിരുന്ന്, ശ്രീനാരായണീയ വചനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി. തനിക്കെതിരെ വന്ന കേന്ദ്ര ഏജന്‍സികളുടെയും സംസ്ഥാന പോലീസിന്റെയുമെല്ലാം നടപടികളെ ഭരണകൂടത്തിലെ സ്വാധീനമുപയോഗിച്ച് മുക്കുകയാണ് അദ്ദേഹം. ഹൈക്കോടതിയുടെ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു കേസില്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടുവെന്നുള്ളതു മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരേയൊരു കാര്യം.

സംസ്ഥാന പോലീസിലെ പല ഉന്നത ഉദ്യോഗസ്ഥരും വെള്ളാപ്പള്ളിയുടെ സ്വാധീന വലയത്തിലാണെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഹേശന്റെ കുടുംബാംഗങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്നത് സ്വാഭാവികമാണ്. സത്യം പുറത്തുവരണമെങ്കില്‍ കേരള പോലീസിലെ സത്യസന്ധതയുടെയും കാര്യക്ഷമതയുടെയും ട്രാക്ക് റെക്കോര്‍ഡുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Latest