Connect with us

Editorial

ചൈനീസ് മുസ്‌ലിംകളില്‍ നിര്‍ബന്ധിത വന്ധ്യംകരണം

Published

|

Last Updated

ചൈനയിലെ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തിവരുന്ന അതിക്രമത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും വാര്‍ത്തകള്‍ അടിക്കടി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം വംശീയഹത്യയുടെ ഭാഗമായി രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ നിര്‍ബന്ധ വന്ധ്യംകരണത്തിനു വിധേയമാക്കുന്ന വിവരമാണ് പുതുതായി പുറത്തു വന്നിരിക്കുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് (എ പി) ആണ് മുസ്‌ലിംകള്‍ കൂടുതലുള്ള പടിഞ്ഞാറന്‍ സിന്‍ജിയാംഗ് മേഖലയിലെ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുകയും ഗര്‍ഭപാത്രത്തില്‍ ഗര്‍ഭനിരോധന ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് സര്‍ക്കാര്‍ രേഖകള്‍, നയപരിപാടികള്‍, ഉയ്ഗൂര്‍ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് അസോസിയേറ്റഡ് പ്രസ്സിന്റെ ഈ വെളിപ്പെടുത്തല്‍. നിയമപരമായി അനുവദനീയമായ രണ്ട് കുട്ടികളേക്കാള്‍ കുറവുള്ള സ്ത്രീകളില്‍ പോലും ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഘടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയ്ഗൂര്‍ മുസ്‌ലിം സ്ത്രീകളെയും രാജ്യത്തെ മറ്റു ചെറു ന്യൂനപക്ഷങ്ങളെയും പ്രത്യേക ക്യാമ്പുകളിലെത്തിച്ചാണത്രെ ഗര്‍ഭഛിദ്രം നടത്തുന്നത്.

ഉയ്ഗൂര്‍ സ്ത്രീകളെ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ പതിവായി ഗൈനക്കോളജിക്കല്‍ ടെസ്റ്റുകള്‍ക്കും പ്രതിമാസ ഗര്‍ഭ പരിശോധനക്കും വിധേയമാക്കുന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2014ല്‍ സിന്‍ജിയാംഗില്‍ മാത്രം ഉയ്ഗൂര്‍ സ്ത്രീകളില്‍ രണ്ട് ലക്ഷത്തിലധികം ഗര്‍ഭ നിരോധന ഉപകരണങ്ങള്‍ നിക്ഷേപിച്ചു. 2018ല്‍ ഇത് 3.30 ലക്ഷമായി. 2017നും 2018നും ഇടയില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ താമസിക്കുന്ന സിന്‍ജിയാംഗ് മേഖലയിലെ ജനസംഖ്യാ വളര്‍ച്ച ശരാശരി വളര്‍ച്ചയേക്കാള്‍ കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം തന്നെ 2015 മുതല്‍ 2018 വരെ ഹോതന്‍, കശ്ഗര്‍ എന്നിവിടങ്ങളിലെ ഉയ്ഗൂര്‍ ജനന നിരക്ക് 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. സിന്‍ജിയാംഗ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇത് 24 ശതമാനത്തോളം കുറഞ്ഞു. നിര്‍ബന്ധിത ജനന നിയന്ത്രണത്തെക്കുറിച്ച് പല സ്ത്രീകളും മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായും ആസൂത്രിതമായും ഇത് നടക്കുന്ന വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്.

നേരത്തേ ചൈനയില്‍ ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തെ മനുഷ്യ വിഭവശേഷി ഗണ്യമായി കുറക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് രണ്ട് കുട്ടികള്‍ വരെയാകാമെന്നാക്കി നിയമം തിരുത്തി. അതിലപ്പുറമായാല്‍ ശിക്ഷാര്‍ഹമാണ്. കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ അടക്കേണ്ട പിഴ 2017ല്‍ മൂന്നിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം, ഈ നിയമ ഭേദഗതിയും ശിക്ഷയും സാമുദായികാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഭൂരിപക്ഷ വിഭാഗമായ ഹാന്‍ സ്ത്രീകള്‍ മൂന്ന് പ്രസവിച്ചാലും നിയമം കണ്ണടക്കും. മൂന്നോ അതിലധികമോ കുട്ടികളുള്ള മുസ്‌ലിം മാതാപിതാക്കളില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കും. അല്ലെങ്കില്‍ മക്കളില്‍ നിന്ന് അവരെ അറുത്തു മാറ്റുകയോ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുകയോ ചെയ്യും. എങ്കിലും ഹാന്‍ വിഭാഗക്കാര്‍ ഇത്തരം ശിക്ഷകളില്‍ നിന്നെല്ലാം സുരക്ഷിതരാണ്.

ലൈംഗിക പീഡനം, തടങ്കല്‍ പാളയങ്ങളില്‍ അടച്ചിടല്‍, ബ്രെയിന്‍ വാഷ് ലക്ഷ്യമാക്കി കുട്ടികള്‍ക്കായി പ്രത്യേക ബോര്‍ഡിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കല്‍, വിദേശയാത്ര നടത്തിയവരെയും വിദേശത്തെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചവരെയും ഭീകരവാദികളായി മുദ്രകുത്തല്‍ തുടങ്ങി മുസ്‌ലിംകള്‍ അനുഭവിക്കുന്ന മറ്റു നിരവധി പീഡനങ്ങളുടെ കഥകള്‍ നേരത്തേ പുറത്തു വന്നതാണ്. ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജരാണ് അധികൃതരുടെ ഒത്താശയോടെ ഉയ്ഗൂര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത്. തടവിലുള്ള ഉയ്ഗൂര്‍ സ്ത്രീകളോട് ജയിലധികൃതര്‍ പുരുഷ തടവുകാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നതായും, പരിശോധനക്കെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ ദിവസങ്ങളോളം അന്തിയുറങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. സാംസ്‌കാരികവും ഇസ്‌ലാമികവുമായ വ്യക്തിത്വം ഇല്ലാതാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മതനിരാസ കമ്മ്യൂണിസത്തിന്റെയും കറകളഞ്ഞ അനുഭാവികളായി വളര്‍ന്നു വരുന്ന മുസ്‌ലിം തലമുറയെ മാറ്റിയെടുക്കുന്നതിനാണ് കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി ബോര്‍ഡിംഗ് സ്‌കൂളുകളിലേക്ക് മാറ്റുന്നത്. മതവിരുദ്ധ ആശയങ്ങളാണ് ഈ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് നിരന്തരം പകര്‍ന്നു നല്‍കുന്നത്. അഞ്ച് ലക്ഷത്തോളം മുസ്‌ലിം കുട്ടികളെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌കൂളുകളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. “പുനര്‍ വിദ്യാഭ്യാസ” ക്യാമ്പുകളെന്നാണ് ഈ സ്ഥാപനങ്ങള്‍ ചൈനയില്‍ അറിയപ്പെടുന്നത്. വിഘടന വാദികളാണ് ഉയ്ഗൂര്‍ മുസ്‌ലിംകളെന്നും അവരെ അതില്‍ നിന്നകറ്റി തൊഴില്‍ പരിശീലിപ്പിക്കുകയാണ് ഇവിടെ പാര്‍പ്പിച്ചതിന്റെ ഉദ്ദേശ്യമെന്നുമാണ് ചൈനീസ് അധികൃതരുടെ അവകാശവാദം.

പതിനായിരക്കണക്കിന് ഉയ്ഗൂറുകള്‍ ചൈനയിലെ ഫാക്ടറികളില്‍ നിര്‍ബന്ധിത തൊഴിലില്‍ ഏര്‍പ്പെടുന്നുമുണ്ട്. ചൈനയുടെ കിഴക്കന്‍ ഭാഗത്തെ ആന്തരിക ചൈന എന്നറിയപ്പെടുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്നതിന് 80,000ത്തിലധികം ഉയ്ഗൂറുകളെയാണ് കഴിഞ്ഞ ചില വര്‍ഷങ്ങളിലായി വീടുകളില്‍ നിന്ന് പിടിച്ചു കൊണ്ടുപോയത്. തൊഴിലിടങ്ങളില്‍ അവര്‍ക്ക് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ അനുവാദമില്ല. നേരത്തേ ചെറിയ തോതില്‍ തുടങ്ങിയ മുസ്‌ലിം ദ്രോഹവും വംശീയ ഉന്മൂലന പരിപാടികളും പ്രസിഡന്റ് പദവിയിലേക്കുള്ള ഷീ ജിന്‍പിംഗിന്റെ വരവോടെയാണ് ശക്തിയാര്‍ജിച്ചത്. ചൈനയുടെ ഇത്തരം അതിക്രമങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമ നിര്‍മാതാക്കളും രംഗത്തുവന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest