Connect with us

International

സഖ്യകക്ഷി സര്‍ക്കാറില്‍ ഭിന്നത; വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി തിരക്കിട്ട് വേണ്ടെന്ന നിലപാടുമായി ഇസ്‌റാഈല്‍

Published

|

Last Updated

ടെല്‍ അവീവ് | അധിനിവിഷ്ട വെസ്റ്റ് ബാങ്ക് രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്ന പദ്ധതി തിരക്കിട്ട് നടപ്പാക്കേണ്ടെന്ന നിലപാടുമായി ഇസ്‌റാഈല്‍. വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇസ്‌റാഈല്‍ സഖ്യകക്ഷി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തീയതി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യാന്തരതലത്തിലടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതിന്റെ പിറ്റേന്നാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് ജൂലൈ ഒന്ന് മുതല്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ബെഞ്ചമിന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ന് ഒന്നുമുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയംഗം കൂടിയായ അഷ്‌കെനാസി പറഞ്ഞു. നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡിനൊപ്പം ഇസ്‌റാഈല്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബ്ലൂ ആന്‍ഡ് വൈറ്റ്.

ഏകപക്ഷീയ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിക്ക് സഖ്യകക്ഷിയില്‍ തന്നെ തര്‍ക്കമുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ നെതന്യാഹുവിനോട് തന്നെ ചോദിച്ചാല്‍ മതിയെന്നും അഷ്‌കെനാസി തീര്‍ത്തുപറഞ്ഞു. ഫലസ്തീന്റെ അവിഭാജ്യ ഘടകമായ വെസ്റ്റ് ബാങ്കിനെ ഇസ്‌റാഈലുമായി കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യു എന്നും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഇതിനെ എതിര്‍ത്തിരുന്നു.