Connect with us

Gulf

ഐ സി എഫിന്റെ തണലിൽ ആമിന ബീവി നാടണഞ്ഞു 

Published

|

Last Updated

അബുദാബി | അബുദാബി ഐ സി എഫിന്റെ തണലിൽ കഴിഞ്ഞിരുന്ന ആലപ്പുഴ മെഡിക്കൽ കോളജ് കല്ലുപാലം സ്വദേശിനി ആമിന ബീവി നാട്ടിലെത്തി. ജീവിതവഴികൾ അടഞ്ഞ് ദുരിതമനുഭവിച്ചുകഴിഞ്ഞിരുന്ന ആമിന ബീവി ഐ സി എഫ് നൽകിയ ടിക്കറ്റിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കഴിഞ്ഞദിവസം നാട്ടിലേക്ക് പോയത്.

അബുദാബി ടൂറിസ്റ്റ് ക്ലബ് പ്രദേശത്ത് ദിവസ വേതനത്തിൽ വീടുകളിൽ ജോലിചെയ്തു ഉപജീവന മാർഗം കണ്ടെത്തിയിരുന്ന ആമിന ബീവി കൊവിഡ് 19 വന്നതിനുശേഷം കഴിഞ്ഞ മൂന്ന് മാസമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ഭക്ഷണത്തിനുപോലും വഴിയില്ലാതെ കഴിയുന്ന ഇവരെക്കുറിച്ച് വിവരമറിഞ്ഞ ഐ സി എഫ് പ്രവർത്തകർ കഴിഞ്ഞ മൂന്ന് മാസമായി ഇവരുടെ മുഴുവൻ ജീവിതചിലവുകളും ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.

18 വർഷം മുമ്പ് അബുദാബി ശഹാമയിലെത്തിയ ഇവർക്ക് ആദ്യകാലത്ത് ഒരു സ്വദേശിയുടെ വീട്ടിലായിരുന്നു ജോലി. ഇവരുടെ  പ്രാരാബ്ധവും കഷ്ടപ്പാടും മനസിലാക്കിയ തൊഴിലുടമ വിസ നൽകി പുറത്ത് ജോലിചെയ്യാൻ അനുവാദം നൽകുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി അബുദാബിയിൽ പലയിടങ്ങളിലായി ജോലിചെയ്തുവരുന്ന 60 വയസ്സുകാരിയായ ആമിന ബീവിക്ക് ഇതുവരെ സ്വന്തമായി വീട് പോലുമില്ല.
നാട്ടിലെത്തിയാൽ സഹോദരന്റെ വീട്ടിലാണ് താമസം.

തലചായ്ക്കാൻ സ്വന്തമായി ഒരിടമായിരുന്നു ആമിന ബീവിയുടെ പ്രവാസത്തിന്റെ സ്വപ്‌നം. പക്ഷേ, പല പ്രവാസികളെയുംപോലെ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വപ്‌നം സാക്ഷാത്കരിക്കാനാകാതെയാണ് ഇവരുടെ പ്രവാസത്തിൽനിന്നുള്ള പടിയിറക്കം!.

Latest