Connect with us

Gulf

മർകസ് സൗജന്യ ചാർട്ടേഡ് വിമാനം ഇന്ന് പറന്നുയരും

Published

|

Last Updated

ദുബൈ | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശ പ്രകാരം ജാമിഅ മർകസ് ചാർട്ട് ചെയ്യുന്ന സൗജന്യ വിമാനം ഇന്ന് (ജൂൺ 29 തിങ്കൾ) ഉച്ചക്ക് രണ്ട് മണിക്ക് റാസ് അൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. നൂറ് ശതമാനം അവകാശികളായ 187 പേർക്കാണ് സൗജന്യ യാത്ര ഒരുക്കിയത്.

76 പേർ ദീർഘകാലമായി വിസ ക്യാൻസൽ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്. 89 ജോലി നഷ്ടപ്പെട്ടവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള എട്ട് പേർ, മൂന്ന് ഗർഭിണികൾ, ബിസിനസ് തകർന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 ഫാമിലികൾ, കുട്ടികൾ, വൃദ്ധർ, വിസിറ്റ് വിസയിലെത്തിയവർ എന്നിവരെയാണ് യാത്രക്ക് തിരഞ്ഞെടുത്തത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഴ്ചകൾക്ക് മുമ്പാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗജന്യ യാത്രാ വിമാനം എന്ന ആശയം മുന്നോട്ട് വെച്ചത്.

കാന്തപുരം ഉസ്താദ് തന്നെ മുൻകൈയെടുത്ത് ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് ഐ സി എഫ്, മർകസ് സംഘടനകൾ വഴി നാട്ടിലെത്താൻ അവസരം ഒരുക്കിയിരുന്നു. ടിക്കറ്റ് ലഭിക്കുവാൻ മതിയായ പണം കണ്ടെത്താനാവാതെ പ്രയാസത്തിലും മാനസിക സംഘർഷത്തിലും കഴിഞ്ഞവർക്ക് ആശ്വാസമായാണ് സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയതെന്ന് മർകസ് ഭാരവാഹികൾ പറഞ്ഞു. പി പി ഇ കിറ്റ് ഉൾപ്പെടെ എല്ലാ സുരക്ഷാ മുൻകരുതലുകളും ഒരുക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിക്കുക.

മമ്പാട് അബ്ദുൽ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, ഫസൽ മട്ടന്നൂർ, അബ്ദുസ്സലാം കോളിക്കൽ, സലീം ഷാ, യഹ്‌യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, അബ്ദുൽ റഹ്മാൻ സഖാഫി ഏഴൂർ, നസീർ ചൊക്ലി, നിസാമുദ്ദീൻ നൂറാനി, മൂസ കുറുവന്തേരി, സമീർ അവേലം എന്നിവരുടെ നേതൃത്വത്തിൽ യാത്രികർക്ക് റാസ് അൽ ഖൈമ എയർപോർട്ടിൽ യാത്രയയപ്പ് നൽകും.
സാഹചര്യങ്ങളുണ്ടായിട്ടും സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ പോവാൻ കഴിയാത്തവരെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഇനിയും ശ്രമങ്ങൾ തുടരുമെന്ന് ദുബൈ മർകസ് പി ആർ ഒ ഡോ. അബ്ദുസ്സലാം സഖാഫി പറഞ്ഞു.

Latest