Connect with us

Gulf

ലഹരി ഉപയോഗം തടയുന്നതിൽ കുടുംബ ബന്ധങ്ങൾക്കുള്ള പ്രാധാന്യം ഓർമിപ്പിച്ച് ദുബൈ പോലീസ്

Published

|

Last Updated

അബുദാബി | പുതു തലമുറക്കിടയിൽ ലഹരി ഉപയോഗം ചെറുക്കുന്നതിൽ കുടുംബബന്ധങ്ങൾക്ക് വലിയ സ്വാധീനമുണ്ടെന്ന് അബുദാബി പോലീസ്. കുട്ടികളുടെ വിശിഷ്യാ കൗമാരക്കരുടെ പെരുമാറ്റരീതികളിൽ പ്രകടമാകുന്ന മാറ്റങ്ങൾ എന്തുകൊണ്ടാണെന്ന് കണ്ടെത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ ഓർമപ്പെടുത്തി. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനത്തിന് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.

കുടുംബാംഗങ്ങളുടെ ഇടയിൽ ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും എന്തും തുറന്ന് ചർച്ചചെയ്യുന്നതിനുള്ള മാനസിക അടുപ്പം കുടുംബാംഗങ്ങൾക്കിടയിൽ വളർത്തേണ്ടതും ഇത്തരം ലഹരികളിലേക്ക് കുട്ടികൾ വഴിതെറ്റാതിരിക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിലെ മയക്കുമരുന്ന് പോലുള്ള ലഹരിയുടെ ഉപയോഗം തടയുന്നതിനുള്ള ആദ്യ സംരക്ഷണ കവചം കുടുംബബന്ധങ്ങളാണെന്ന് വിശേഷിപ്പിച്ച മേജർ ജനറൽ, കുടുംബങ്ങളിലെ സുദൃഢമായ അന്തരീക്ഷത്തിന്റെ പ്രാധാന്യം ജനങ്ങളെ ഓർമപ്പെടുത്തി.

ഇതിനായി സ്‌നേഹം, കരുതൽ, തിരിച്ചറിവ്, പരസ്പര വിശ്വാസം മുതലായവ കുടുംബങ്ങളിൽ വളർത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് എന്തും തുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ കുടുംബങ്ങളിൽ ഉണ്ടാകണമെന്നും, രക്ഷിതാക്കൾ അവർക്ക് നിരന്തര വഴികാട്ടികളാകാനും അവരിൽ കരുണ, സർഗശേഷികൾ മുതലായവ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

നിലവിൽ ദേശീയ തലത്തിൽ, മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിൽ രാജ്യം നടത്തിവരുന്ന ശക്തമായ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങളിൽ മുഴുവൻ രക്ഷിതാക്കളോടും കുടുംബങ്ങളോടും പങ്കാളികളാകാനും അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്ന് എന്ന വിപത്തിനെതിരെ അബുദാബി അതിനൂതനമായ സാങ്കേതികവിദ്യകളുടെ സഹായമുൾപെടെ ആവശ്യമായ എല്ലാ നടപടികളും എടുത്തുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.