Connect with us

Gulf

ടാക്‌സി നിരക്കിനെച്ചൊല്ലി തർക്കം; ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ചയാളെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി

Published

|

Last Updated

മുറഖബാത് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം

ദുബൈ | ടാക്‌സി ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച അക്രമിയെ 20 മിനിറ്റുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. അജ്മാനിൽ നിന്ന് ദുബൈയിലെ റിഖത് അൽ ബുതീനിലേക്ക് ടാക്‌സി വാടക്കെടുത്ത് വന്ന അറബ് പൗരനാണ് ഡ്രൈവറെ കുത്തിപ്പരുക്കേൽപ്പിച്ചത്. വാടക നിരക്കിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിന് കാരണമെന്ന് മുറഖബാത് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു.

അറബ് പൗരൻ നിരക്ക് ഒടുക്കാതെ ടാക്‌സിയിൽ നിന്ന് ഇറങ്ങി അടുത്ത കെട്ടിടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. ഡ്രൈവർ പിന്തുടർന്നതിനെ തുടർന്ന് അറബ് പൗരൻ എലവേറ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. കോണി വഴി മുകളിലേക്ക് ഓടിക്കയറി ഇയാളെ പിടികൂടാൻ ശ്രമിച്ച ഡ്രൈവറുടെ കൈയിൽ അക്രമി നിരവധി തവണ കുത്തിയതായി ബ്രിഗേഡിയർ അലി ഗാനിം വ്യക്തമാക്കി.

പരുക്കേറ്റ ഡ്രൈവർ ദുബൈ പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ മുറഖബാത് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ഡ്യൂട്ടി ഓഫീസറും കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിൽ കെട്ടിടത്തിലെ ഇലക്ട്രിസിറ്റി റൂമിൽ ഒളിച്ചിരുന്ന അക്രമിയെ പിടികൂടുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഗേഡിയർ ഗാനിം അറിയിച്ചു.

---- facebook comment plugin here -----

Latest