Connect with us

National

അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവര്‍ക്ക് രാജ്യം ഉചിതമായ മറുപടി നല്‍കി: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടിട്ടുള്ളതാണ്. നാടിനെ സംരക്ഷിച്ചു നിര്‍ത്താനുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് പ്രണാമവും അഭിവാദനവും അര്‍പ്പിക്കുന്നതായും അവരുടെ ധീരത എപ്പോഴും സ്മരിക്കപ്പെടുമെന്നും പ്രധാന മന്ത്രി പറഞ്ഞു. അവര്‍ വീരമൃത്യു വരിച്ചെങ്കിലും എതിരാളികളെ വിജയിക്കാന്‍ അനുവദിച്ചിട്ടില്ല. അവരുടെ ധീരതയാണ് രാജ്യത്തിന്റെ ശക്തി.

വെല്ലുവിളികള്‍ ഒട്ടനവധി ഉണ്ടാകുമായിരിക്കാം. എന്നാല്‍, അവ വരുമ്പോഴെല്ലാം മറികടക്കുവാനും നമുക്കു കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം. വെല്ലുവിളികളെ അതിജീവിക്കുമ്പോള്‍ നാം കൂടുതല്‍ കരുത്തരാവുകയാണ് ചെയ്യുന്നത്. വെല്ലുവിളികള്‍ എപ്പോള്‍ അവസാനിക്കുമെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ഇതാണെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായ ശ്രമം നടത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണ ചട്ടങ്ങളും പാലിക്കാന്‍ തയാറാവണം. അവ ലംഘിക്കുന്നതിലൂടെ നിങ്ങള്‍ നിങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന മനസ്സിലാക്കണമെന്നും പ്രധാന മന്ത്രി അഭ്യര്‍ഥിച്ചു.

Latest