Connect with us

Covid19

ഡൽഹിയിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 417 ആയി

Published

|

Last Updated

ന്യൂഡൽഹി | സംസ്ഥാനത്ത് കൊവിഡ് വ്യാപനനിരക്ക് പരിശോധനയുടെ ഭാഗമായി 2.45 ലക്ഷം ആളുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ 417 പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളായി. ജൂലൈ ആറിനകം മുഴുവൻ വീടുകളിലും പരിശോധന നടത്തി വ്യാപനനിരക്കിന്റെ തോത് അളക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ചില സ്ഥലങ്ങളിൽ ഇത് പൂർണമായും പ്രാവർത്തികമാക്കാൻ സാധിക്കാത്തതിനാൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

നിലവിൽ പരിശോധന നടത്തിയവരിൽ രോഗലക്ഷണങ്ങളുള്ള 45,000 പേരുടെ സ്രവം പരിശോധനക്കയച്ച് ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റീ-മാപ്പിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 280 ആയിരുന്നു. ഡൽഹി സർക്കാർ പുറത്തിറക്കിയ കൊവിഡ് -19 പ്രതിരോധ പദ്ധതി പ്രകാരം കണ്ടൈയ്‌മെന്റ് സോണുകളുടെ റീ- മാപ്പിംഗ് ഈ മാസം 30നകം പൂർത്തിയാക്കും.

2011 ലെ സെൻസസ് പ്രകാരം തലസ്ഥാനത്ത് 34.35 ലക്ഷത്തിലധികം കുടുംബങ്ങളാണുള്ളത്. നിലവിലെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ ഓരോ ആളുകളെയും പരിശോധിക്കുന്നതിനായി രണ്ട് അംഗങ്ങൾ വീതമുള്ള 1,100 ടീമുകളെ രൂപവത്കരിച്ചിട്ടുണ്ട്. എസ് എസ് കൊറോണ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപിച്ചിരിക്കുന്നത്. ഇത് വഴി സർക്കാർ സജ്ജീകരിച്ച വെബ് പോർട്ടലിലേക്ക് തത്സമയ വിശദാംശങ്ങൾ അയ്ക്കാൻ സാധിക്കും.

പ്രാഥമിക വിവരങ്ങളായ പേര്, പ്രായം, വിലാസം, കോൺടാക്റ്റ് നമ്പർ എന്നിവ കൂടാതെ, ഓരോ വ്യക്തിയുടെയും യാത്രാ വിവരങ്ങൾ, രോഗലക്ഷണങ്ങൾ കാണിക്കുന്നവർ സർക്കാറിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങളും ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താൻ ടീമംഗങ്ങൾക്ക് കഴിയും.

Latest