Connect with us

Gulf

വന്ദേഭാരത് നാലാം ഘട്ടം: യു എ ഇയിൽ നിന്ന് 59 വിമാനങ്ങൾ

Published

|

Last Updated

ദുബൈ | വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 59 വിമാനങ്ങൾ. ജൂലൈ ഒന്ന് മുതൽ 14 വരെയാണിത്. കേരളത്തിലേക്ക് 39 വിമാനങ്ങളുണ്ട്. ബാക്കിയുള്ളവ മറ്റ് സംസ്ഥാനങ്ങളിലേക്കാണ്. യു എ ഇയിൽനിന്ന് നോർക്കയിൽ രജിസ്റ്റർ ചെയ്തത് 2,34,309 പേരാണ്. ഇതിൽ ഏകദേശം 80,000 പേർ നാട്ടിലെത്തി.

രജിസ്റ്റർ ചെയ്തവരിൽ പലരും മാറിച്ചിന്തിക്കാൻ തുടങ്ങിയതിനാൽ കേരളത്തിലേക്കുള്ളവരുടെ എണ്ണം കുറഞ്ഞു. സഊദിയിൽ 82,847 പേർ രജിസ്റ്റർ ചെയ്തു. കുവൈത്തിൽ 34,388 പേരും ഖത്വറിൽ 53,961 പേരും ഒമാനിൽ 33,752 പേരും ബഹ്‌റൈനിൽ 17,174 പേരുമാണ് രജിസ്റ്റർ ചെയ്തത്.

ഇതിൽ സഊദിയിൽ നിന്ന് അധികം ആളുകൾ നാടണഞ്ഞിട്ടില്ല. വിമാന ലഭ്യത വേണ്ടത്ര ഇല്ലാത്തതാണ് കാരണം. അതേ സമയം വന്ദേ ഭാരതിന്റെ നാലാം ഘട്ടത്തിൽ സഊദിക്ക് ഇതേവരെ വിമാനം അനുവദിച്ചിട്ടില്ല. ചാർട്ടർ വിമാനങ്ങളാണ് ശരണം.

മറുനാടൻ മലയാളികൾ അടക്കം മൊത്തം 5,09,196 പേർ കേരളത്തിലേക്ക് രജിസ്റ്റർ ചെയ്തു. മൂന്ന് ദിവസം മുമ്പ് വരെ എത്തിയത് 1,91,051 പേർ. 36,724 പേർ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. മടങ്ങിയെത്തിയവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ നിന്നുള്ളവരാണ്. നാടണഞ്ഞവരിൽ ഏറ്റവും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചത് കുവൈത്തിൽനിന്ന് വന്നവരിലാണ്. ഇതുവരെ എത്തിയതിൽ 5.99 ശതമാനം.

സഊദിയിൽ നിന്നെത്തിയവരിൽ 2.33 ശതമാനവും യു എ ഇയിൽ നിന്നെത്തിയവരിൽ 1.6 ശതമാനവും ഖത്വറിൽ നിന്നെത്തിയവരിൽ 1.56 ശതമാനവും ഒമാനിൽ നിന്നെത്തിയവരിൽ 0.78 ശതമാനവുമാണ് കൊവിഡ് ബാധിതർ. കഴിഞ്ഞ ദിവസം വരെ 700 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് സംസ്ഥാനത്തെത്തിയത്. 543ൽ 335 എണ്ണം ചാർട്ടേഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തി. വിദേശങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുകൾക്കെല്ലാം സൗജന്യമായി കേരള സർക്കാർ ചികിത്സ നൽകുന്നുണ്ട്.