Connect with us

Gulf

വന്ദേഭാരത് വിമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക്; അബുദാബി - കോഴിക്കോട് സെക്ടറിൽ ആവശ്യത്തിന് യാത്രക്കാരില്ലെന്ന്

Published

|

Last Updated

അബുദാബി | ആവശ്യത്തിന് യാത്രക്കാരില്ലാത്തത് കാരണം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് വിമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ ആലോചിക്കുന്നുവെന്ന് അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തിയ വിമാനങ്ങളിൽ മിക്ക സീറ്റുകളും കാലിയായിരുന്നുവത്രെ.
വിവിധ സംഘടനകൾ ആവശ്യത്തിന് ചാർട്ടർ വിമാനം ഒരുക്കിയതും സന്നദ്ധ സംഘടനകൾ സൗജന്യ ടിക്കറ്റ് നൽകുന്നതും വന്ദേ ഭാരത് വിമാനത്തിൽ യാത്രക്കാർ കുറയാൻ കാരണമായി.

അടുത്ത ഒരാഴ്ചക്കുള്ളിൽ അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഐ സി എഫ് അടക്കം വിവിധ സംഘടനകളുടെ കീഴിൽ പത്തോളം ചാർട്ടർ വിമാനങ്ങളാണ് സർവീസിനായി തയ്യാറായിട്ടുള്ളത്. ചാർട്ടർ വിമാനം കഴിയുന്നത് വരെ കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലുകളാണ് വിമാനങ്ങൾ ഡൽഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള കാരണം.

ചാർട്ടർ വിമാനം വർധിച്ചതോടെ വന്ദേ ഭാരത് വിമാനത്തിന് അബുദാബി വിമാനത്താവളത്തിൽ ആവശ്യത്തിന് സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ജൂൺ 27 ഇന്ന് മുതൽ ജൂൺ 30 വരെ അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ദിവസവും വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഇതിൽ 28, 29, 30 ദിവസങ്ങളിലെ വിമാനങ്ങൾ കണ്ണൂർ അല്ലെങ്കിൽ തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും. 189 സീറ്റുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് ബോയിങ് 737 വിമാനം ഒമ്പത് സീറ്റുകൾ ഒഴിച്ചിട്ട് ചെറിയ കുട്ടികൾ ഉൾപെടെ 180 യാത്രക്കാരുമായി ആയിരുന്നു ആദ്യ ഘട്ടത്തിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി 160 മുതൽ 165 യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്.

കാലിയായി വന്ന് യാത്രക്കാരെ കയറ്റി പോകുമ്പോൾ ആവശ്യത്തിന് യാത്രക്കാരില്ലാത്തത് വൻ നഷ്ടമുണ്ടാക്കുമെന്ന് എയർ ഇന്ത്യ അധികൃതർ പറയുന്നു. വന്ദേ ഭാരത് സർവീസിന്റെ ജൂലൈ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ രണ്ട് വിമാനങ്ങളാണ് അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കുള്ളത്.