Connect with us

Kerala

ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കൈക്കൂലി; സബ് രജിസ്ട്രാര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ

Published

|

Last Updated

കോഴിക്കോട് | ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. ചേവായൂര്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി പി കെ ബീനയെയാണ് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ശിക്ഷിച്ചത്. അഞ്ചു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

2014 ഫെബ്രുവരി 21നാണ് സംഭവം. ചേവായൂര്‍ സ്വദേശിയായ ആധാരം എഴുത്തുകാരന്‍ ഭാസ്‌കരന്‍ നായരുടെ പരാതിയിലായിരുന്നു നടപടി. മൂന്ന് തവണ രജിസ്‌ട്രേഷന് സമീപിച്ചുവെങ്കിലും വന്‍തുക കൈക്കൂലി ആവശ്യപ്പെടുകയായിരന്നുവത്രെ. തുടര്‍ന്ന് ഭാസ്‌കരന്‍ നായര്‍ വിജിലന്‍സില്‍ വിവരം അറിയിക്കുകയായിരുന്നു.

വിജിലന്‍സ് നല്‍കിയ പണം ഭാസ്‌കരന്‍ നായര്‍ ബീനക്ക് കൈക്കൂലിയായി നല്‍കി. പിന്നാലെ വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയെങ്കിലും പണം കണ്ടെത്താനായില്ല. ഏറെ നേരത്തെ പരിശോധനക്ക് ഒടുവില്‍ രജിസട്രേഷന്‍ ലഡ്ജറില്‍ നിന്നാണ് വെള്ളക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ ആയിരം രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്.