Connect with us

Covid19

വി മുരളീധരന്റെ വിമര്‍ശനത്തിനിടയിലും കേരള സര്‍ക്കാറിന് കേന്ദ്രത്തിന്റെ പ്രശംസ

Published

|

Last Updated

ന്യൂഡല്‍ഹി | പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വിഷയത്തിലും കൊവിഡ് പ്രതിരോധ വിഷയങ്ങളിലും കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് കേന്ദ്രം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധേയവും ഫലപ്രദവുമാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.  ഇന്ന് വൈകിട്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചര്യയുടെ കത്ത് ലഭിച്ചത്.  കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിരന്തരം സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം ഇത്തരത്തില്‍ ഒരു കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

കൊവിഡ് വ്യാപനം തടയാന്‍ കേരളം കൈക്കൊണ്ട നടപടികള്‍ ശ്ലാഘനീയമാണ്. പ്രവാസികളെ തിരികെ എത്തിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിക്കുന്നു. പ്രവാസികളുടെ മടക്കത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് വിമാനകമ്പനികളെ അറിയിക്കാം. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് മിഷന്‍ ഫ്ളൈറ്റുകളുടെ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നും കത്തില്‍ പറയുന്നു.