Connect with us

Editorial

പാളുന്ന കാലാവസ്ഥാ പ്രവചനങ്ങള്‍

Published

|

Last Updated

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പലപ്പോഴും നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായാണ് മഴ വര്‍ഷിക്കുകയും താപം അനുഭവപ്പെടുകയും ചെയ്യുന്നത്. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നു പ്രഖ്യാപിച്ചാല്‍ ചിലപ്പോള്‍ തീരെ മഴയുണ്ടാകാറില്ല. പ്രവചനക്കാരുടെ നിരീക്ഷണത്തെ മറികടന്ന് കനത്ത മഴ വന്നെത്താറുമുണ്ട്. കാലവര്‍ഷം ഇന്ന തീയതിക്കു തുടങ്ങുമെന്നു പ്രവചിച്ചാല്‍ പിന്നെയും കുറേ ദിവസങ്ങള്‍ കഴിഞ്ഞാണ് മഴ വന്നെത്താറുള്ളത്. അല്ലെങ്കില്‍ അതിനു ദിവസങ്ങള്‍ക്കു മുമ്പേ മഴ തുടങ്ങുന്നു. 2018ല്‍ ജൂണ്‍ പത്തിന് മണ്‍സൂണ്‍ ആരംഭിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ജൂണ്‍ അഞ്ചിനേ മണ്‍സൂണ്‍ ആരംഭിച്ചു. അതേവര്‍ഷം മണ്‍സൂണ്‍ തുടക്കത്തില്‍ തന്നെ കനത്ത മഴ ലഭിക്കുമെന്ന് പറഞ്ഞവര്‍ക്ക് മഴ ദുര്‍ബലമായതുകണ്ട് കാരണങ്ങള്‍ വിശദീകരിക്കാന്‍ പറ്റാതെ പ്രയാസപ്പെടേണ്ടി വന്നു.

കേന്ദ്ര സര്‍ക്കാറിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഴയുടെ തോതും രൂക്ഷമായ കാലാവസ്ഥാ സ്ഥിതി സൂചിപ്പിക്കുന്ന റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുന്നതും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം. ഏറ്റവും രൂക്ഷമായ കാലാവസ്ഥാ സ്ഥിതിയാണ് റെഡ് അലര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത്. 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത കാണുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന പല ദിവസങ്ങളിലും മഴ ദുര്‍ബലമായിരിക്കും. ഇതേക്കുറിച്ച് പരാതിപ്പെടുമ്പോള്‍ ഗവേഷണത്തിനു ഫണ്ടില്ലാത്തതാണ് മികച്ച നിരീക്ഷണത്തിനു തടസ്സമെന്നാണ് തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഉപഗ്രഹങ്ങളുണ്ട്. അതേസമയം, സമ- ശീത- ഉഷ്ണ മേഖലയിലെ മഴ ലഭ്യതയെക്കുറിച്ച് പഠനം നടക്കുന്നില്ല. ഇക്കാര്യത്തിനായി ഫണ്ടനുവദിക്കണമെന്ന് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാകുന്നില്ലെന്ന് അവര്‍ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കുകയും സ്‌കൈമെറ്റ്, എര്‍ത്ത് നെറ്റ്‌വര്‍ക്‌സ്, ഐ ബി എം വെതര്‍, വിന്‍ഡി എന്നീ കമ്പനികളുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ ഫണ്ടിന്റെ പത്ത് ശതമാനം ഇതിനായി വിനിയോഗിക്കാനാണ് തീരുമാനം. താലൂക്ക് അടിസ്ഥാനത്തിലുള്ള കാലാവസ്ഥാ പ്രവചനത്തിനാണ് ഈ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുക.

കാലാവസ്ഥാ പ്രവചനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥാ പ്രവചന കേന്ദ്രാധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടതാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് സംസ്ഥാനത്ത് 14 നിരീക്ഷണ സ്റ്റേഷനുകളും 74 മഴ മാപിനികളുമാണുള്ളത്. ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് 73 പുതിയ ഓട്ടോമാറ്റിക് റീഡിംഗ് നിരീക്ഷണ സ്റ്റേഷനുകള്‍ കൂടി അനിവാര്യമാണെന്നു കണ്ടെത്തുകയും കേന്ദ്രത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇതിനാവശ്യമായ സ്ഥലവും ഭൂമിയും കണ്ടെത്തി കൈമാറുകയും ചെയ്തു. ഇതടിസ്ഥാനത്തില്‍ ഈ വര്‍ഷം കാലവര്‍ഷത്തിനു മുമ്പ് 15 കേന്ദ്രങ്ങള്‍ സജ്ജമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഇതിനകം അഞ്ചെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഇവയില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ കൃത്യവുമല്ല. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തീരദേശങ്ങളിലും നഗരങ്ങളിലുമാണ്. ഹൈറേഞ്ച് മേഖലകളില്‍ നിരീക്ഷണ കേന്ദ്രങ്ങളില്ല. ഈ മേഖലകളിലും ഇവ സ്ഥാപിക്കണമെന്ന് ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഇതൊക്കെയാണ് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നതിനുള്ള കാരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. 2018ലെ പ്രളയകാലത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണങ്ങളില്‍ വലിയ തോതില്‍ പിഴവു സംഭവിക്കുകയും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും കേന്ദ്ര കാലാവസ്ഥാ വകുപ്പും തമ്മില്‍ ശക്തമായ ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലവും സംസ്ഥാനത്തിന്റെ പുതിയ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

അതേസമയം, കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അവഗണിച്ച് കോടികള്‍ മുടക്കി കാലാവസ്ഥാ നിരീക്ഷണം സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് അധാര്‍മികവും ധൂര്‍ത്തുമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥാ പ്രവചനത്തില്‍ സ്വകാര്യ കമ്പനികളേക്കാള്‍ കൃത്യത ഐ എസ് ആര്‍ ഒയും പ്രതിരോധ വകുപ്പുമെല്ലാം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചനം നടത്തുന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിനുണ്ടെന്നും പ്രവര്‍ത്തന പരിചയം കൂടുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിനകത്തും ചുറ്റുപാടുകളിലും വര്‍ഷിക്കുന്ന മഴ, ഇടിമിന്നലുകള്‍, കൊടുങ്കാറ്റുകള്‍ തുടങ്ങി ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാവുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുഖ്യലക്ഷ്യം. പരമാവധി കൃത്യമായെങ്കിലേ ഫലപ്രാപ്തി കൈവരികയുള്ളൂ. കേന്ദ്ര നിരീക്ഷണ ഏജന്‍സി ഇതിനു അപര്യാപ്തമാണെങ്കില്‍ സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുകയല്ലാതെ മറ്റെന്തു വഴി. പക്ഷേ, ആരെയൊക്കെ ആശ്രയിച്ചാലും അവരുടെയൊക്കെ നിരീക്ഷണങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് മിക്കപ്പോഴും മഴയും ഉഷ്ണവും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഉണ്ടാകുന്നത്. ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ നമ്മേക്കാള്‍ ഏറെ മുന്നേറിയ വികസിത രാജ്യങ്ങളില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. സങ്കീര്‍ണമാണ് പ്രകൃതിയുടെ ഘടനയും കാലാവസ്ഥാ മാറ്റങ്ങളും. അത് പലപ്പോഴും മനുഷ്യന്റെ പഠനത്തിനും നിരീക്ഷണത്തിനുമെല്ലാം അപ്പുറമാണ്. അതിനു മുമ്പില്‍ അന്ധാളിച്ചു നില്‍ക്കാന്‍ മാത്രമേ ഭൗമ, കാലാവസ്ഥാ നിരീക്ഷകര്‍ക്ക് സാധിക്കാറുള്ളൂ.

Latest