Connect with us

Gulf

ഈജിപ്ത്-ജിദ്ദ-ജബല്‍ അലി തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള കപ്പല്‍ ചാനലിന് തുടക്കമായി

Published

|

Last Updated

ദമാം  | ഈജിപ്തില്‍ നിന്നും ജിദ്ദ തുറമുഖം വഴി ദുബൈയിലെ ജബല്‍ അലി തുറമുഖവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള കപ്പല്‍ ചാനല്‍ ആരംഭിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയിലെ ഇസ്‌ലാമിക് തുറമുഖം വഴി ഈജിപ്തിലെ സുഖ്നാ തുറമുഖത്തെത്തുന്ന കപ്പല്‍ ചാനല്‍ പദ്ധതി ദുബൈ ആസ്ഥാനമായ ഡി പി വേള്‍ഡുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന മൂന്ന് തുറമുഖങ്ങളെ കോര്‍ത്തിണക്കിയുള്ള പുതിയ ചാനല്‍ മേഖലയിലെ ചരക്ക് വ്യാപാരവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള ചരക്ക് ഗതാഗതവും കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന ഹബ്ബുകളായി സഊദിയും ദുബൈ വേള്‍ഡും മാറും. ചെങ്കടലിലെ പുതിയ പാത വരുന്നതോടെ ഇതുവഴി ചരക്ക് കപ്പലുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടാകും.

ചെലവ് കുറഞ്ഞ രീതിയില്‍ കൂടുതല്‍ വിപണികളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും ആഗോള വ്യാപാരത്തിന് ലോജിസ്റ്റിക് സേവനം നല്‍കാനുമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും പുതിയ പാതയിലൂടെ സാധ്യമാകും. നേരിട്ടുള്ള ഷിപ്പിംഗ് ലൈന്‍ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തിന്റെ വികസനത്തിന് കൂടുതല്‍ കുതിപ്പേകും. തുറമുഖ വ്യാപാരം, ഷിപ്പിംഗ് ലൈനുകള്‍, നിക്ഷേപങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപങ്ങളും ഇതോടെ ഈ മേഖലയിലേക്ക് കടന്നുവരും.

ജിദ്ദയിലെ തുറമുഖ നവീകരണം, സൂപ്പര്‍ സ്ട്രക്ചര്‍ വികസനം, ഉപഭോക്താകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഹൈടെക് ഡിജിറ്റല്‍ സൗകര്യം ഉള്‍പ്പെടെയുള്ളവ വികസിപ്പിക്കുമെന്നും സഊദി പോര്‍ട്ട്‌സ് അതോറിറ്റി (മവാനി) പ്രസിഡന്റ് സാബ് അല്‍ ഖല്‍ബ് അറിയിച്ചു. കടല്‍ വഴിയുള്ള വ്യാപാരത്തിന് തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്രമം തുടരുകയാണ്. സഊദി ഗതാഗത മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വിഷന്‍ 2030 ന്റെ ഭാഗമായി ആഗോള ലോജിസ്റ്റിക് ഹബ് ആയി മാറുന്നതിന്റെ ഭാഗമായുള്ളതാണ് പുതിയ പദ്ധതി. ജിദ്ദ തുറമുഖ വികസനം വഴി വ്യവസായ -കയറ്റുമതി മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാബ് അല്‍ ഖല്‍ബ് വ്യക്തമാക്കി.

പുതിയ കപ്പല്‍ പാത അറബ് മേഖലയിലെ ഷിപ്പിംഗ് വ്യവസായത്തിന് വേഗത വര്‍ധിപ്പിക്കുമെന്നും മൂന്ന് രാജ്യങ്ങളിലെയും വിപണികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഡി പി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമും പറഞ്ഞു.

---- facebook comment plugin here -----

Latest