Connect with us

Covid19

ഐ സി എഫ് ചിറകിലേറി സഊദിയില്‍ നിന്ന് ഇന്ന് കരിപ്പൂരിലെത്തുക 345 പ്രവാസികള്‍

Published

|

Last Updated

ജിദ്ദ | ഐ സി എഫ് സഊദി നാഷനല്‍ കമ്മിറ്റി ചാര്‍ട്ട് ചെയ്ത രണ്ട് വിമാനങ്ങള്‍ ബുധനാഴ്ച കരിപ്പൂരിലെത്തും. റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുക. കൊവിഡ് മഹാമാരി മൂലം തൊഴിലും ശമ്പളവും ഭക്ഷണവുമില്ലാതെ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഐ സി എഫിന്റെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പുറപ്പെടുന്നത്.

റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 44 സ്ത്രീകളും 34 കുട്ടികളുമടക്കം 170 യാത്രക്കാരാണുള്ളത്. ദമാമില്‍ നിന്നുള്ള വിമാനത്തില്‍ 14 ഗര്‍ഭിണികളും 10 കുട്ടികളും ഗുരുതരരോഗം ബാധിച്ച 27 പേരും തൊഴില്‍ നഷ്ടപ്പെട്ടതും വിസാ കാലാവധി അവസാനിച്ചതുമടക്കം 57 പേരും ഉള്‍പ്പെടെ 175 യാത്രക്കാരാണുള്ളത്.

വൈകിട്ട് പുറപ്പെടുന്ന രണ്ട് വിമാനങ്ങളും രാത്രിയോടെ കരിപ്പൂരിലിറങ്ങും. അര്‍ഹരായ പത്ത് ശതമാനം പേര്‍ക്ക് പൂര്‍ണമായും സൗജന്യമാണ് യാത്ര. പുറമെ, ടിക്കറ്റ് നിരക്ക് ഇനത്തില്‍ 40 ശതമാനം വരെ ഇളവ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ ആരോഗ്യ സുരക്ഷാ വസ്ത്രങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ക്വാറന്റൈന്‍ മുന്‍കരുതലുകളെ കുറിച്ചുളള ബോധവത്കരണവും ഐ സി എഫിന്റെ പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇതിനകം നല്‍കിയിട്ടുണ്ട്.

കൊവിഡ് കാരണം പ്രയാസത്തിലായ എല്ലാവര്‍ക്കും ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, വൈദ്യ സഹായങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും ഐ സി എഫ് നേതൃത്വത്തില്‍ നടന്നുവരുന്നത്. നാട്ടില്‍ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ അടക്കം എത്തിച്ചു നല്‍കുന്നുമുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളാലാണ് സഊദിയില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുവാന്‍ താമസം നേരിട്ടു കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഐ സി എഫ് നാഷനല്‍ ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഐ സി എഫിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

Latest