Connect with us

Kerala

മക്കളെ ഉപയോഗിച്ച് ബോഡി പെയിന്റിംഗ്: രഹ്ന മനോജിന് എതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ച് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന മനോജിന് എതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി.

വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസിന്റെ സൈബര്‍ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം. വീഡിയോയില്‍ കാണുന്ന കുട്ടികളുടെ ജീവിത സാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണം. സ്ത്രീ കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ രഹ്ന തന്നെയാണ് പുറത്ത് വിട്ടത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.