Connect with us

Covid19

ഡൽഹിയിലെ ഏറ്റവും വലിയ കൊവിഡ് കെയർ സെൻ്ററിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ ടി ബി പി

Published

|

Last Updated

ന്യൂഡൽഹി| തലസ്ഥാന നഗരിയിലെ 10,000 കിടക്കകളുള്ള ഏറ്റവും വലിയ കൊവിഡ് കെയർ സെന്ററിന്റെ ഉത്തരവാദിത്വം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി) ഏറ്റെടുത്തു. അതിർത്തി കാവൽ സേനയിലെ ഒരു സംഘം ഉദ്യോഗസ്ഥർ രാധ സോമി ബിയാസ് കേന്ദ്രം സന്ദർശിച്ച് സർക്കാറുമായും കേന്ദ്രത്തിലെ മറ്റ് ഉത്തരവാദിത്വപ്പെട്ടവരുമായും ചർച്ച നടത്തി.

രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് 19 കെയർ സെന്ററിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഐ ടി ബി പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡൽഹി സർക്കാറിൻ്റെ ആവശ്യമനുസരിച്ച് ഈ കേന്ദ്രത്തിലേക്ക് ഡോക്ടർമാരെയും മറ്റ് പ്രൊഫഷനലുകളെയും നൽകാൻ നോഡൽ ഏജൻസിയായി ഐ ടി ബി പിയെയാണ് ആഭ്യന്തര മന്ത്രാലയം നാമനിർദേശം ചെയ്തിട്ടുള്ളതെന്ന് സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ മാസം 26 മുതൽ 2,000 കിടക്കകൾ കേന്ദ്രത്തിൽ ഒരുക്കും. മൊത്തം 10,200 കിടക്കകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഐ ടി ബി പിയിലെയും മറ്റ് കേന്ദ്ര സായുധ പോലീസ് സോനയിലെയും (സി ആർ പി എഫ്) അയിരത്തിലധികം ഡോക്ടർമാരെയും 2,000 പാരാമെഡിക്കലുകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിക്കും. ഡൽഹി സർക്കാറിൻ്റെ എല്ലാ വിധ പിന്തുണയും കേന്ദ്രത്തിന് ഉണ്ടായിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.