Connect with us

Editorial

വൈദ്യുതി ആഘാത മരണങ്ങള്‍ ഒഴിവാക്കാന്‍

Published

|

Last Updated

വൈദ്യുതി ആഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ സംസ്ഥാനത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ചോമ്പാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഴിയൂര്‍ ആസ്യ റോഡ് ബീച്ചിനടുത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി നെല്ലോളി ഇര്‍ഫാന്‍ എന്ന ഇരുപത്തെട്ടുകാരനും പത്ത് വയസ്സുകാരനായ സഹലും പിടഞ്ഞു മരിച്ചു. തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പി തോട്ടിലേക്കു പൊട്ടിവീണിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കളിസ്ഥലത്തേക്ക് പോകുകയായിരുന്ന സഹല്‍ തോട്ടിലിറങ്ങിയപ്പോള്‍ ഷോക്കേറ്റു. സഹലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്‍ഫാനും ഷോക്കേറ്റത്. നാട്ടുകാര്‍ കമ്പി മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
ഒരു മാസം മുമ്പാണ് ചെറിയനാട് ചെറുവല്ലൂര്‍ സ്വദേശി ഡെനീഷ് ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റു മരിച്ചത്. മെയ് 14ന് ആലപ്പുഴ മാന്നാറിനടുത്ത് ബുധനൂരില്‍ വീട്ടുപറമ്പില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ ചവിട്ടി ഓമന എന്ന വൃദ്ധയും മഞ്ജു എന്ന യുവതിയും മരിച്ചു. ഏപ്രില്‍ 27ന് ആലപ്പുഴ കാവാലത്ത് ആറ്റില്‍ കുളിച്ചു കൊണ്ടിരിക്കുന്നവര്‍ക്കു മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് അജിത എന്ന വീട്ടമ്മ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മരിച്ച തളിപ്പറമ്പ് സെക്്ഷനിലെ മസ്ദൂര്‍ പി പി രാജീവന്‍, കണ്ണൂര്‍ മുണ്ടയാട്ട് ജോലിക്കിടെ ഷോക്കേറ്റു മരിച്ച ഇലക്ട്രീഷ്യന്‍ പോത്തോടി രാഖേഷ്, വടക്കുംഞ്ചേരി സ്വദേശി കുഞ്ചു, കഞ്ചിക്കോട് സ്വദേശി ദേവു, കാഞ്ഞങ്ങാട് മാങ്ങാട് സ്വദേശി തബ്ശീര്‍ എന്ന 12 വയസ്സുകാരന്‍ എന്നിങ്ങനെ നീളുന്നു ഈ വര്‍ഷം വൈദ്യുതി ആഘാതമേറ്റ് മരിച്ചവരുടെ പട്ടിക.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്നതിനനുസരിച്ച് അതുമൂലമുണ്ടാകുന്ന അപകടങ്ങളും വര്‍ധിക്കുകയാണ്. 2009 മുതല്‍ 2018 വരെയുള്ള പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ 2,573 പേര്‍ വൈദ്യുതി ആഘാതമേറ്റ് മരണപ്പെട്ടു. കെ എസ് ഇ ബിയുടെ വൈദ്യുതി കമ്പിയില്‍ നിന്നും ട്രാന്‍സ്‌ഫോമറില്‍ നിന്നും നേരിട്ട് ഷോക്കേറ്റ് മരിച്ചവരുടെ കണക്കാണിത്. മറ്റുള്ള വൈദ്യുതി അപകടങ്ങളുടെ നിരക്ക് ഇതിനേക്കാള്‍ കൂടും. വര്‍ഷക്കാലത്താണ് മരങ്ങള്‍ കടപുഴകിയും കാറ്റിലും വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നത്.

അശ്രദ്ധ, അറിവില്ലായ്മ, വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥ, മദ്യലഹരിയിലുള്ള വൈദ്യുതി ജോലി തുടങ്ങിയവയാണ് അപകടങ്ങള്‍ക്കുള്ള കാരണങ്ങള്‍. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് ജനങ്ങളുടെ ജീവനോ സ്വത്തിനോ നഷ്ടം സംഭവിക്കരുതെന്നും ഇതിനാവശ്യമായ സുരക്ഷാ നടപടികള്‍ വൈദ്യുതി ബോര്‍ഡുകളും കമ്പനികളും സ്വീകരിക്കണമെന്നും ഇന്ത്യന്‍ വൈദ്യുതി നിയമം (1956) അനുശാസിക്കുന്നുണ്ട്. ലൈന്‍ വലിക്കുന്നതിന് ഇന്‍സുലേറ്റ് ചെയ്തു സുരക്ഷിതമാക്കിയ കമ്പികള്‍ ഉപയോഗിക്കുകയോ, അല്ലാത്തപക്ഷം കമ്പി പൊട്ടിവീഴുമ്പോള്‍ തന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള സംവിധാനം സജ്ജീകരിക്കുകയോ വേണമെന്ന് നിയമം നിര്‍ദേശിക്കുന്നു. ഇന്ത്യന്‍ വൈദ്യുതി നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷാ നടപടികളും ആറ് മാസത്തിനകം സ്വീകരിക്കുമെന്ന് 2008 ജൂണില്‍ കെ എസ് ഇ ബി ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നിട്ടും സംസ്ഥാനത്ത് വൈദ്യുതി കമ്പി പൊട്ടിവീണുള്ള മരണങ്ങള്‍ നിരന്തരം സംഭവിക്കുന്നതിനു പിന്നില്‍ ബോര്‍ഡിന്റെ കനത്ത അനാസ്ഥയാണ്.

ഉണങ്ങിയ മുളകളും ഓടകളും ഉപയോഗിച്ചാണ് മുന്‍കാലങ്ങളില്‍ കായ്ഫലങ്ങളും പഴങ്ങളും പറിച്ചിരുന്നത്. ഇന്ന് മുളയുടെ സ്ഥാനം ലോഹനിര്‍മിത തോട്ടികള്‍ കൈയടക്കി. ഇരുമ്പു തോട്ടികളും അലൂമിനിയം തോട്ടികളുമൊക്കെയാണ് ഇപ്പോള്‍ കായ്ഫലങ്ങള്‍ പറിക്കാന്‍ പലരും ഉപയോഗിക്കുന്നത്. ലോഹനിര്‍മിത വസ്തുക്കള്‍ വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ ഷോക്കേല്‍ക്കുമെന്ന് അറിയാത്തവരില്ല. എന്നാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള കായ്ഫലങ്ങള്‍ പറിക്കാന്‍ ലോഹനിര്‍മിത വസ്തുക്കള്‍ ഉപയോഗിക്കുന്നു. 2015 മുതല്‍ 2019 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ ലോഹത്തോട്ടി ഉപയോഗം മൂലം 156 മരണങ്ങളും 330 അപകടങ്ങളും സംഭവിച്ചതായി കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 2019ല്‍ മാത്രം ഈയിനത്തില്‍ 46 അപകടങ്ങളും 22 മരണങ്ങളുമുണ്ടായി.
വൈദ്യുതി അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പൊതുസമൂഹത്തിനു മൊത്തമായും വൈദ്യുതി ജീവനക്കാര്‍ക്കു പ്രത്യേകമായും ചില ജാഗ്രതാ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട് കെ എസ് ഇ ബി. വൈദ്യുതി ലൈനോ സര്‍വീസ് വയറോ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ അടുത്തേക്ക് പോകാതിരിക്കുക, ഇടിമിന്നല്‍ ഉള്ളപ്പോള്‍ കമ്പ്യൂട്ടര്‍ മുതലായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക, പ്ലഗില്‍ നിന്ന് എല്ലാ ഉപകരണങ്ങളും വേര്‍പ്പെടുത്തുക, വൈദ്യുതി പോസ്റ്റില്‍ കന്നുകാലികളെയോ മറ്റോ കെട്ടാതിരിക്കുക, ലൈനിനു സമീപത്തു നിന്ന് ലോഹവസ്തു നിര്‍മിതമായ തോട്ടികള്‍, ഏണികള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക, മരം വീഴുകയോ വെള്ളം ഉയരുകയോ ചെയ്യുമ്പോള്‍ വൈദുതി ലൈനുകളുടെ കിടപ്പ് പരിശോധിച്ച ശേഷം മാത്രം അവിടേക്ക് പോകുക, വൈദ്യുതി ഉപകരണങ്ങളും മീറ്ററുകളും നനയാതെ സൂക്ഷിക്കുക എന്നിവയാണ് പൊതുജനത്തിനുള്ള നിര്‍ദേശങ്ങള്‍.

ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കുക, മഴമൂലം മണ്ണിളകിയോ മറ്റോ പോസ്റ്റുകള്‍ക്ക് ബലക്ഷയം വന്നിട്ടില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം പോസ്റ്റില്‍ കയറുക, വൈദ്യുതി ലൈന്‍ പൊട്ടിവീണാല്‍ ഫ്യൂസ് ഊരിയെന്നു കരുതി കമ്പിയില്‍ നേരിട്ട് സ്പര്‍ശിക്കാതിരിക്കുക (ജനറേറ്ററുകളില്‍ നിന്നും ഇന്‍വെര്‍ട്ടറുകളില്‍ നിന്നും കമ്പിയിലേക്ക് വൈദ്യതി പ്രവഹിക്കാന്‍ സാധ്യതയുണ്ട്) തുടങ്ങിയവയാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. വൈദ്യുതി മേഖലയില്‍ സുരക്ഷ ഉറപ്പ് വരുത്തി ജോലിചെയ്യുന്നത് സംബന്ധിച്ച് ജീവനക്കാരെയും ഇലക്ട്രീഷ്യന്മാരെയും, വര്‍ക്ക്‌ഷോപ്പ്, വെല്‍ഡിംഗ് ജീവനക്കാരെയും മറ്റും ബോധവത്കരിക്കുന്നതിന് കെ എസ് ഇ ബി ഇടക്കിടെ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. പലരും പക്ഷേ അത് പാലിക്കാറില്ല. വൈദ്യുതി എത്രത്തോളം ഉപകാരിയാണോ അത്രത്തോളം തന്നെ അപകടകാരിയുമാണെന്ന ബോധത്തോടെയും സുരക്ഷാ മുന്‍കരുതലുകളോടെയും അത് കൈകാര്യം ചെയ്യുക എന്നതാണ് അപകടങ്ങള്‍ കുറക്കാനുള്ള മുഖ്യമാര്‍ഗം.