Connect with us

Covid19

'നിപയുടെ അനുഭവങ്ങള്‍ പാഠമായി' ; യു എന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് യു എന്നിന്റെ അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കൊവിഡ് പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി കെ കെ ശൈലജക്കും ക്ഷണമുണ്ടായിരുന്നു.

പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും ചര്‍ച്ചയിലും ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുത്തു.കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ എന്നവിഷയത്തില്‍ സംസാരിക്കാനുള്ള അവസരവുമുണ്ടായി. മഹാമാരിയും പൊതുസേവനവും എന്നവിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യയുടെ പ്രസിഡന്റ് സഹ്ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യുഎന്‍ സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ സമയത്ത് കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു.

മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുത് എന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Latest