Connect with us

Covid19

ബ്രസീല്‍ പ്രസിഡന്റിനോട് മാസ്‌ക് ധരിക്കാന്‍ ഉത്തരവിട്ട് കോടതി

Published

|

Last Updated

ബ്രസീലിയ | പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയോട് ഉത്തരവിട്ട് ഫെഡറല്‍ കോടതി. തലസ്ഥാനമായ ബ്രസീലിയയില്‍ എപ്പോള്‍ പുറത്തിറങ്ങുകയാണെങ്കിലും മാസ്‌ക് ധരിക്കണമെന്നും പ്രാദേശിക നിയമം പാലിക്കണമെന്നും ഫെഡറല്‍ ജഡ്ജി റിനാറ്റോ കൊയ്‌ലോ ബൊറെല്ലി ഉത്തരവിട്ടു.

ദേശീയ കുഴപ്പത്തിന് കാരണമായ കൊവിഡ്- 19 മറ്റുള്ളവര്‍ക്കും പകരാന്‍ കാരണമാകുന്ന തരത്തിലാണ് ബൊല്‍സൊനാരോയുടെ പ്രവൃത്തിയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഈയടുത്ത വാരാന്ത്യങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ മാസ്‌ക് ധരിക്കാതെ ബ്രസീല്‍ പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. രാജ്യത്തെ കോണ്‍ഗ്രസിനും സുപ്രീം കോടതിക്കുമെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത് മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളിലേക്ക് ജനക്കൂട്ടത്തെ ആകര്‍ഷിച്ചത് വരെയുള്ള പരിപാടികളില്‍ ബൊല്‍സൊനാരോ പങ്കെടുത്തിരുന്നു.

രാജ്യത്ത് കൊറോണവൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ഫെഡറല്‍ ജില്ല ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലംഘിച്ചാല്‍ ഒരു ദിവസത്തേക്ക് 390 ഡോളറാണ് പിഴ. ലോകത്ത് കൊവിഡ് അതിരൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. രാജ്യത്ത് ഇതുവരെ 11 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അര ലക്ഷത്തിലേറെ പേര്‍ മരിച്ചു. അഞ്ചര ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Latest