Connect with us

National

സ്വപ്‌നത്തിലേക്ക് പറന്ന് ആഞ്ചൽ; ചായ വിൽപ്പനക്കാരന്റെ മകൾ ഇനി വ്യോമസേനാ പൈലറ്റ്

Published

|

Last Updated

ഭോപ്പാൽ | ദൃഢനിശ്ചയത്തോടെ പോരാടിയാൽ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ആഗ്രഹിച്ചത് നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചൽ ഗംഗ്വാൾ. ഭോപ്പാലിലെ ചായവിൽപ്പനക്കാരന്റെ മകളായ ഇവർ വ്യോമസേനാ പൈലറ്റായാണ് ജോലിയിൽ പ്രവേശിച്ചത്.

എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ ഒപ്പമുണ്ടാകുമെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഓർമിപ്പിക്കുന്നു ആഞ്ചലിന്റെ ഈ നിശ്ചയദാർഢ്യം. കേദാർനാഥ് ദുരന്തസമയത്ത് സേന നടത്തിയ രക്ഷാദൗത്യം കണ്ടത് മുതലാണ് ആഞ്ചലിന്റെ മനസ്സിൽ സേനയിൽ ചേരണമെന്ന ആഗ്രഹമുണ്ടാകുന്നത്. 25 വർഷമായി ചായവിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന തന്റെ പിതാവിന്റെ വരുമാനത്തിൽ നിന്ന് ഇത്രയും വലിയ ഉയരത്തിലെത്താൻ കൈമുതലായത് ദൃഢനിശ്ചയം മാത്രമാണ്.

പഠനത്തിൽ സമർഥയായ ആഞ്ചലിനെ സ്‌കൂളിൽ വിടാതിരിക്കാൻ പിതാവ് സുരേഷ് ഗംഗ്വാളിനായില്ല. കടം വാങ്ങിയും അധികജോലി ചെയ്തും പഠനത്തിനായി പണം കണ്ടെത്തി. വീട്ടിൽ നിന്നുള്ള ഈ പിന്തുണ മാത്രം മതിയായിരുന്നു ആഞ്ചലിന് തന്റെ സ്വപ്‌നത്തിലെത്താൻ.

“ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമായിരുന്നു ഇത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാരെ കൊണ്ടു വരാൻ കഴിഞ്ഞില്ല എന്ന വിഷമം മാത്രമേയുള്ളൂ. എന്നാലും സുഹൃത്ത് വഴി ഓൺലൈനിലൂടെ ലൈവായി കാണാൻ അവർക്ക് സാധിച്ചു”. വ്യോമസേനയിൽ പ്രവേശിച്ച നിമിഷത്തെക്കുറിച്ച് ആഞ്ചൽ ഗംഗ്വാൾ പ്രതികരിച്ചു.

Latest