Connect with us

Malappuram

തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്ന് ജീവനുകൾ രക്ഷിച്ച് പന്ത്രണ്ടുകാരൻ

Published

|

Last Updated

വേങ്ങര | തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന മൂന്ന് ജീവനുകൾ രക്ഷിച്ചത് പന്ത്രണ്ട് വയസ്സുകാരൻ. വേങ്ങര ചളിടവഴി അഞ്ചുകണ്ടൻ അബ്ബാസിന്റെ മകൻ ഉമർ മുക്താറാണ് സാഹസത്തിലൂടെ രക്ഷകനായെത്തിയത്. കഴിഞ്ഞ ദിവസം വേങ്ങര പാങ്ങാട്ട്കുണ്ട് കൈതോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു പിതൃസഹോദരന്റെ ഭാര്യ സുമയ്യയും മക്കളും. രണ്ടാൾ ആഴവും ഒഴുക്കുമുള്ള വെള്ളത്തിൽ കുളിക്കുന്നതിനിടെ അഞ്ച് വയസ്സുകാരനായ ആദിൽ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ട് ജ്യേഷ്ടനായ സെസിൻ അഹമ്മദ് (10) രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സെസിനും അപകടത്തിൽ പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

രണ്ട് മക്കളും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് തോട്ടിൽ അലക്കുകയായിരുന്ന മാതാവ് സുമയ്യ വെള്ളത്തിൽ ഇറങ്ങിയെങ്കിലും നീന്തൽ അറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. നിലവിളി കേട്ട് സ്ഥലത്തെത്തിയ ഉമർ മുക്താർ ആദ്യം കൈകൾ നൽകി ഇവരെ കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതോടെ തോട്ടിലേക്ക് എടുത്തു ചാടി കാലുകൾ കൊണ്ട് തള്ളി നീക്കി സാഹസികമായി മൂന്ന് പേരെയും കരക്കെത്തിക്കുകയായിരുന്നു.

നീന്തി ശരീരത്തിൽ പിടിച്ച് കരക്കെത്തിക്കുന്നത് എല്ലാവരെയും അപകടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇവരെ കാല് കൊണ്ട് ചവിട്ടി നീക്കുക എന്ന യുക്തി ഉപയോഗിച്ചത്. വേങ്ങര അൽ ഇഹ്‌സാൻ ഇംഗ്ലീഷ് സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഉമർ മുക്താർ.