Connect with us

Covid19

ക്വാറന്റൈനിൽ കഴിയേണ്ട യുവതിയെ ആംബുലൻസിലിരുത്തി ഡ്രൈവർ നാട് ചുറ്റി

Published

|

Last Updated

പത്തനംതിട്ട | ദുബൈയിൽ നിന്ന് എത്തി നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ട യുവതിയെ ആംബുലൻസിലിരുത്തി ഡ്രൈവർ മൂന്ന് മണിക്കൂർ നാട് ചുറ്റി.

നഗരത്തിലെ അബാൻ ടവറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തേണ്ട യുവതി ഉൾപ്പെടെ അഞ്ച് പേരുമായി ഇന്നലെ രാവിലെ ഏഴിന് ശബരിമല ഇടത്താവളത്തിൽ നിന്ന് പുറപ്പെട്ടതാണ് ആംബുലൻസ്.
യുവതിയെ അബാൻ ടവറിൽ എത്തിച്ചത് മൂന്ന് മണിക്കൂർ കഴിഞ്ഞ് പത്തരയോടെയാണ്. ഇടത്താവളത്തിൽ നിന്ന് അഞ്ച് മിനുട്ടിനുള്ളിൽ എത്താൻ കഴിയുമായിരുന്ന അബാനിൽ യുവതിയെ ഇറക്കാതെ ഇലവുംതിട്ടയിലെയും അടൂരിലെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ആംബുലൻസ് പോയത്. മറ്റുള്ളവരെ ഇവിടങ്ങളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഇറക്കുകയും ചെയ്തു.

പത്തനംതിട്ട സ്വദേശിയായ യുവതിക്ക് വേണ്ടി നേരത്തേ അബാനിൽ മുറി ബുക്ക് ചെയ്തിരുന്നു. വേണ്ട സൗകര്യങ്ങൾ ഒരുക്കി ക്വാറന്റൈൻ ചുമതലയുള്ള ജീവനക്കാരും കാത്തിരിക്കുകയായിരുന്നു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ യുവതി അറിയിച്ചെങ്കിലും അബാനിൽ മുറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്.

ഒടുവിൽ നഗരസസഭാ കൗൺസിലർ ഹരീഷ് ഇടപെട്ടതോടെയാണ് യുവതിയെ അബാനിൽ എത്തിച്ചത്.
വിദേശത്ത് നിന്ന് വന്നവർക്ക് കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബസിൽ പത്തനംതിട്ടയിൽ എത്തിയപ്പോൾ സ്വീകരിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നില്ല.
സംഭവത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഷാജി പറഞ്ഞു.

Latest