Connect with us

Uae

സഞ്ചാര നിയന്ത്രണം; ഇളവിന് നിബന്ധനകൾ

Published

|

Last Updated

അബുദാബി | കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം രണ്ട് മുതൽ അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളിൽ ചെറിയ ഇളവ് അനുവദിച്ചത് നിബന്ധനകളോടെ. ജൂൺ 16 രാത്രി പുറത്തിറക്കിയ പുതിയ തീരുമാനപ്രകാരം, അബുദാബി എമിറേറ്റിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്ക് പെർമിറ്റ് സംവിധാനം കൂടാതെ യാത്ര ചെയ്യുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.
അബുദാബി പോലീസ്, അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത് എന്നിവരുമായി സംയുക്തമായാണ് എമിറേറ്റിലെ പ്രതിരോധവുമായി ബന്ധപ്പെട്ട എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

യു എ ഇ പൗരന്മാർ ഉൾപെടെ അബുദാബിയിലെ മുഴുവൻ നിവാസികൾക്കും ഇപ്രകാരം പെർമിറ്റുകൾ കൂടാതെ അബുദാബിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ അബുദാബിയിലേക്ക് തിരികെയുള്ള എല്ലാ യാത്രകൾക്കും അബുദാബി പോലീസിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ തുടരും. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റിലൂടെ അനുവാദം ലഭിക്കുന്നവർക്ക് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകളും ഏർപെടുത്തിയിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

പുതിയ തീരുമാന പ്രകാരം, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കും, അബുദാബി, അൽ ഐൻ, അൽ ദഫ്റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾ തമ്മിലുള്ള യാത്രകൾക്കും ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പെർമിറ്റ് സംവിധാനവും ഒരാഴ്ചത്തേക്ക് കൂടി തുടരും.
അബുദാബിയിലെ ഓരോ മേഖലയിലെയും നിവാസികൾക്ക്, അതാത് മേഖലകൾക്കുള്ളിൽ, അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ ഒഴികെ, സഞ്ചരിക്കുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും.
തൊഴിലാളികൾക്ക് ഏർപെടുത്തിയിട്ടുള്ള യാത്രാ വിലക്കുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അബുദാബി, അൽ ഐൻ, അൽ ദഫ്റ മുതലായ എമിറേറ്റിന്റെ വിവിധ മേഖലകൾക്കുള്ളിൽ മാത്രമാണ് തൊഴിലാളികൾക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്.

തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനോ, അബുദാബിയിലേക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് കൊണ്ടുവരുന്നതിനോ അനുവാദമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Latest