Connect with us

Uae

ബീച്ചിൽ പോവുന്നുണ്ടോ, നിർദേശങ്ങൾ പാലിക്കണം

Published

|

Last Updated

ദുബൈ | കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന ദുബൈ ബീച്ചുകളിലെ പ്രവേശന വിലക്ക് പിൻവലിച്ചതോടെ നിരവധി പേരാണ് ദിനംപ്രതി കടൽകാഴ്ചകൾ ആസ്വദിക്കാനെത്തുന്നത്. ബീച്ചുകളിലെത്തുന്ന സന്ദർശകർക്ക് ദുബൈ ഹെൽത് അതോറിറ്റി (ഡി എച്ച് എ) മാർഗനിർദേശം പുറപ്പെടുവിച്ചു. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും എല്ലായ്‌പ്പോഴും ശ്രദ്ധിക്കണമെന്ന് ഡി എച്ച് എ പൊതുജനാരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ബദ്‌രിയ അൽ ഹർമി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഹാൻഡ് സാനിറ്റൈസർ കരുതണമെന്നും ഡോ. ബദ്‌രിയ ആവശ്യപ്പെട്ടു.

തൊണ്ടവേദന, പനി (തീവ്രതയില്ലാത്തതാണെങ്കിലും), ശ്വാസതടസം, ഫ്‌ളൂ തുടങ്ങിയവയുണ്ടെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. പൊതുജനങ്ങൾ സ്വയം ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. അവരവരുടെയും കുടുംബത്തിന്റെയും സുരക്ഷിത ബോധത്തോടൊപ്പം സമൂഹത്തിലെ ഓരോ അംഗത്തിന്റെ ആരോഗ്യസുരക്ഷയെ കുറിച്ചും ബോധവാന്മാരാകണമെന്ന് ഡോ. ബദ്‌രിയ ഉണർത്തി.

• വെള്ളത്തിലിറങ്ങുമ്പോൾ മാസ്‌കും ഗ്ലൗസും ധരിക്കേണ്ടതില്ല, പക്ഷേ പാർക്കുകളിലും മറ്റിടങ്ങളിലും ഇവ രണ്ടും നിർബന്ധമാണ്.
• അഞ്ചിലധികമുള്ള സംഘമായി ബീച്ചിൽ പോകരുത്
• നീന്തുന്നിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം
• ശരീരം തുടക്കാനുള്ള വൈപ്‌സ്, ടിഷ്യൂ, സാനിറ്റൈസർ കരുതുക
• ബീച്ചുകളിലെ പബ്ലിക് റെസ്റ്റ് റൂമുകളിലേക്ക് പ്രവേശിക്കാനുള്ള വാതിൽ തുറക്കുമ്പോൾ ടിഷ്യൂ ഉപയോഗിക്കുക (റെസ്റ്റോറന്റ്, മാൾ എന്നിവിടങ്ങളിലും ഇതേ രീതി വേണം)
• പേഴ്‌സണൽ വസ്തുക്കൾ കൈമാറരുത് (ബീച്ച് മാറ്റ്, ടവ്വൽ, സൺ സ്‌ക്രീൻ, കുപ്പിവെള്ളം എന്നിവയുടെ ഉപയോഗം ഒരാൾ മാത്രം)
• മാസ്‌ക് ധരിച്ച ശേഷം മുഖം, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്
• ഭക്ഷണം കഴിക്കും മുമ്പും ഭക്ഷ്യവസ്തുക്കളിലോ വ്യക്തിഗത വസ്തുക്കളിലോ സ്പർശിക്കും മുമ്പ് കൈ നിർബന്ധമായും സാനിറ്റൈസ് ചെയ്യുക
• സാധനങ്ങൾ വീങ്ങുമ്പോൾ കറൻസിക്ക് പകരം, ഇലക്‌ട്രോണിക് പെയ്‌മെന്റ് രീതി ഉപയോഗിക്കുക
• അധികം മാസ്‌കുകൾ അടച്ചുവെക്കാവുന്ന ബാഗിൽ സൂക്ഷിക്കുക
• തിരിച്ച് വീട്ടിൽ കയറുംമുമ്പ് പാദരക്ഷകൾ പുറത്ത് അഴിച്ചുവെക്കുക, ഫോൺ, വാഹനത്തിന്റെ താക്കോൽ, പഴ്‌സ് സാനിറ്റൈസ് ചെയ്യുക, കൈകൾ രണ്ടും കഴുകുക, ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ അലക്കാനിടുക, ഉടൻ കുളിക്കുക
വിവരങ്ങളറിയാൻ ഔദ്യോഗിക മാർഗം തേടുക
അധികൃതർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളിൽ സംശയമുള്ളവരും കൂടുതൽ അന്വേഷണങ്ങൾക്കും ഔദ്യോഗിക നമ്പറുകളിൽ ബന്ധപ്പെടണം.
ഡി എച്ച് എ കാൾ സെന്റർ- 800342
ആരോഗ്യ വിഭാഗം ഓപറേഷൻ സെന്ററിലെ ഇസ്തിജാബ സർവീസ്- 8001717
ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം- 80011111.