Connect with us

Covid19

കൊവിഡ് : അസിട്രോമൈസിനും എച്ച് സി ക്യുവും സംയുക്തമായി ഉയോഗിക്കാൻ പുനരാലോചനയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡൽഹി| കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി അന്റിബയോട്ടിക്കായ അസിട്രോമൈസിനും ഹ്രൈഡ്രോക്‌സിക്ലോറോക്വിനും (എച്ച് സി ക്യു) സംയുക്തമായി ഉപയോഗിക്കുന്നത് പുനരാലോചിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി പുതുക്കിയ ക്ലിനിക്കൽ മാനേജ്‌മെന്റ് മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ചികിത്സാ പ്രോട്ടോകോളിന്റെ ഭാഗമായി എച്ച് സി ക്യു തുടരാൻ സാധ്യതയുണ്ടന്നും എന്നാൽ അസിട്രോമൈസിൻ ഉപേക്ഷിച്ച് കേന്ദ്ര ഡ്രഗ്‌സ് കൺട്രോളർ നിയന്ത്രിത ഉപയോഗത്തിനായി അനുവദിച്ച വ്യത്യസ്ത മരുന്നുകളുടെ സംയോജനം പരീക്ഷിച്ചേക്കാമെന്നാണ് വിദഗ്ധാഭിപ്രായം.

അതേസമയം, ലോകമെമ്പാടും എച്ച് സി ക്യുവിന് അനുകൂലമായും പ്രതികൂലമായും ഉള്ള തെളിവുകൾ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്യുകയാണ്. അടുത്തിടെ നടന്ന മന്ത്രിമാരുടെ യോഗത്തിലും ഐ സി എം ആർ കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന റെമഡെസിവിർ, ഫെവിപിരാവിർ മരുന്നുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിരുന്നു.

എച്ച് സി ക്യു അസിട്രോമൈസിനുമായി സംയോജിപ്പിച്ച് ഗുരുതര രോഗികൾക്ക് ഉപയോഗിക്കാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മാർച്ച് 31 ന് പരിഷ്‌കരിച്ച നിലവിലെ ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോൾളിൽ നിർദേശിച്ചിരുന്നത്.

Latest