Connect with us

National

ഇന്ത്യക്കും അമേരിക്കക്കും സഹിഷ്ണുതയുടെ ഡി എൻ എ നഷ്ടമായി: രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി | വളരെ വിശാലമായിരുന്ന ഇന്ത്യ- യു എസ് ബന്ധം ഇപ്പോൾ പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന സഹിഷ്ണുതയുടെ ഡി എൻ എ നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണവൈറസ് പ്രതിസന്ധി ലോകക്രമത്തെ പുനർനിർമിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിനിടെയായിരുന്നു രാഹുൽഗാന്ധിയുടെ വിശകലനം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നിലനിന്ന് പോയിരുന്നതിന് കാരണം ഇരുരാജ്യങ്ങളും പാലിച്ചു പോന്ന വ്യവസ്ഥകൾ സഹിഷ്ണുതയുടെ അടിസ്ഥാനത്തിലായിരുന്നത് കൊണ്ടാണ്. കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക എന്ന് താങ്കൾ പറഞ്ഞു. എന്നാൽ, ഇന്ത്യ വളരെ സഹിഷ്ണുത കാത്തു സൂക്ഷിക്കുന്ന രാഷ്ട്രമാണ്. നമ്മുടെ ഡി എൻ എ സഹിഷ്ണുതയാണ്. എന്നാൽ, നിലവിൽ ഇരുരാജ്യങ്ങളുടെയും സഹിഷ്ണുത സഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

ഇന്ത്യ- യു എസ് ബന്ധത്തിൽ ഇതു വരെ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നാണ് താങ്കൾ വിശ്വസിക്കുന്നതെന്ന ചോദ്യത്തിന് “വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം, ഒന്നിലധികം മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പ്രതിരോധത്തിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് നിലവിൽ വന്ന ഇന്ത്യ- യു എസ് ആണവ കരാറിന്റെ ചർച്ചകളിൽ സജീവ പങ്കാളിയായിരുന്നു ബേൺസ്. വൈറസ് പ്രതിസന്ധി ആരംഭിച്ചത് മുതൽ റിസർവ് ബേങ്ക് മുൻഗവർണർ രഘുറാം രാജൻ, സാമ്പത്തിക ശാസ്ത്രത്തിലെ നോബെൽ സമ്മാന ജേതാവ് അഭിജിത് ബാനർജി, എപ്പിഡെമിയോളജിസ്റ്റ് ജോഹാൻ ഗീസെക്കെ, വ്യവസായി രാജീവ് ബജാജ് എന്നിവരുമായും രാഹുൽ ഗാന്ധി കൊറോണക്കാലത്തിന് ശേഷമുള്ള ലോകത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.

Latest