Connect with us

Covid19

ലോക്ഡൗണിൽ പൂര്‍ണ വേതനം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്ക് എതിരെ നടപടി പാടില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാലയളവില്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനം നല്‍കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനികള്‍ക്കെതിരെ ജൂലൈ വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി.

വ്യവസായങ്ങളും ജീവനക്കാരും പരസ്പര പൂരകങ്ങള്‍ ആണെന്നും വേതനം നല്‍കുന്ന വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ അവര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടയിലും ജോലി ചെയ്യാന്‍ സന്നദ്ധരായ തൊഴിലാളികളെ അതിന് അനുവദിക്കണമെന്നും കോടതി പറഞ്ഞു.

ഇത്തരം പരിഹാര നടപടികള്‍ സുഗമമാക്കാനും ബന്ധപ്പെട്ട ലേബര്‍ കമ്മീഷണര്‍മാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ വേതനവും നല്‍കണമെന്ന് നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 29 ന് പുറത്തിറക്കിയ സര്‍ക്കുലറിന്റെ നിയമസാധുത സംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

മാര്‍ച്ച് 29 ലെ സര്‍ക്കുലറിനെതിരെ വിവിധ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജൂലൈ അവസാന വാരം വാദം കേള്‍ക്കാനായി മാറ്റി.