Connect with us

Articles

രണ്ടാമൂഴവും വില്‍പ്പനക്ക് വെച്ച ജനാധിപത്യവും

Published

|

Last Updated

മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എയുടെ വരവില്‍ കാണാനായ എടുത്തുപറയേണ്ട സവിശേഷത സമ്പൂര്‍ണ നാഗ്പൂര്‍ ഭരണമാണ്. മുത്വലാഖ് വിഷയത്തില്‍ ബി ജെ പി പരീക്ഷിച്ചത് നിയമനിര്‍മാണത്തിലെ പരസ്യ വര്‍ഗീയതയുടെ ആദ്യ ചവിട്ടുപടിയാണ്. കഴിഞ്ഞ തവണ അലസിപ്പോയ ശ്രമങ്ങള്‍ ഇത്തവണ ലക്ഷ്യം കണ്ടു. വിവാഹമോചനം ഒരു പ്രത്യേക വിഭാഗത്തിന് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിലൂടെ ബി ജെ പി നോട്ടമിട്ടത് മുസ്‌ലിം സ്ത്രീകളെയല്ല, വര്‍ഗീയതയില്‍ വിശ്വസിക്കുന്ന ഹിന്ദുത്വ ആണധികാരങ്ങളെയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രം വിവാഹമോചനം നടക്കുന്ന മുസ്‌ലിം വിഭാഗത്തിനെ വിവാഹ മോചനത്തിന്റെ പേരില്‍ മോദി ലക്ഷ്യം വെച്ചതിന് വേറെ കാരണങ്ങള്‍ കാണില്ലല്ലോ.

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിലൂടെ തികച്ചും സ്വന്തം ജനതയോട് ഏറ്റവും വഞ്ചനാപരമായി പെരുമാറുന്ന രാഷ്ട്രമായി ഇന്ത്യയെ ലോകം കുറ്റപ്പെടുത്തുകയാണുണ്ടായത്. 2014വരെ ഏറെക്കുറെ ശാന്തമായിരുന്ന കശ്മീരില്‍ സാഹചര്യങ്ങള്‍ കലുഷമാക്കി. ഭരണപങ്കാളിത്തത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും അനുരഞ്ജനങ്ങളിലൂടെയും പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന യു പി എ സര്‍ക്കാര്‍ നയം അട്ടിമറിച്ച് അക്രമണോത്സുക നിലപാടാണ് മോദി തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതല്‍ ജവാന്മാര്‍ കശ്മീരില്‍ കൊല്ലപ്പെട്ട കാലയളവും ഇതാണ്. ജവാന്മാരേക്കാളും മിലിറ്റന്റുകളേക്കാളും എത്രയോ ഇരട്ടി സിവിലിയന്മാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒരു തര്‍ക്ക മേഖലയെ കൈകാര്യം ചെയ്യുന്നതിലുള്ള മോദി സര്‍ക്കാറിന്റെ പരാജയം കാണിക്കുന്നു. ഇന്റര്‍നെറ്റ്, വൈദ്യുതി, ടെലഫോണ്‍ തുടങ്ങിയ അടിസ്ഥാനവും മൗലികവുമായ അവകാശങ്ങളെ 200 ദിവസം ഇടതടവില്ലാതെ തടഞ്ഞുവെച്ചു.

ഇപ്പോഴും ആ ലോക്ക്ഡൗണ്‍ തുടരുന്നു. കശ്മീരിലെ മനുഷ്യരെ വേണ്ട, മണ്ണു മതി എന്ന മനുഷ്യത്വ വിരുദ്ധമായ നയമാണ് നടപ്പാക്കിയത്. സൈനികരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ട് അവരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സര്‍ക്കാറായി മോദിയുടെ സര്‍ക്കാര്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. പുല്‍വാമ അടക്കമുള്ള ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ എന്ന് സൂചിപ്പിക്കും വിധമാണ് നിലവിലെ അന്വേഷണം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ അറസ്റ്റ് ചെയ്യപ്പെട്ട പോലീസ് സൂപ്രണ്ടും ബി ജെ പിയുടെ പഞ്ചായത്ത് പ്രസിഡന്റും തീവ്രവാദികള്‍ക്ക് ആയുധം എത്തിച്ചു കൊടുത്തിരുന്നുവെന്ന് പറയപ്പെടുന്നു. കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരെയും കുടുംബങ്ങളെയും വീട്ടുതടങ്കലിലാക്കിയും കരിനിയമങ്ങള്‍ ചുമത്തിയും കശ്മീരിനെ തുറന്ന ജയിലാക്കുകയായിരുന്നു മോദിയുടെ മര്‍ദക ഭരണകൂടം.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം കൊടുക്കുന്ന പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നതായി. അയല്‍ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പിലും നിയമത്തിന് സാധൂകരണമെന്നോണം ഉയര്‍ത്തിയ കാര്യകാരണങ്ങളുടെ യുക്തിരാഹിത്യത്തിലും പൊരുത്തക്കേടിലും പാര്‍ലിമെന്റിലടക്കം അവതരിപ്പിച്ച കള്ളക്കണക്കുകളുടെ വിഷയത്തിലും നിയമം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. യു എന്‍ അടക്കം രാജ്യാന്തര സംഘടനകള്‍ മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി വിവേചനപരമെന്ന് ആശങ്ക ഉയര്‍ത്തി. സ്വന്തം പൗരന്മാരെ രണ്ടാം തരക്കാരാക്കുന്ന നിയമം കൊണ്ടുവന്ന്, അതിനെതിരില്‍ പ്രതിഷേധിക്കുന്നവരെ യു എ പി എ അടക്കമുള്ള കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രതികാരമെടുക്കുകയാണ് ഈ സര്‍ക്കാര്‍. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗം മുതല്‍ യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ മനുഷ്യാവകാശ വിഭാഗം വരെ ഇവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ആശങ്കപ്പെടുന്നു. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച്, ഭരണ വീഴ്ചകള്‍ മറച്ചുപിടിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് മോദി അമിത് ഷാ സംഘം ശ്രമിക്കുന്നത്. ഡല്‍ഹി കലാപത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ രാജ്യത്ത് കുടിലമായ ഒരു വംശഹത്യാ പദ്ധതി തയ്യാറാകുകയാണെന്ന് വ്യക്തമാക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തെയും ഗവേഷണ മേഖലകളെയും അപ്പാടെ തഴഞ്ഞും ഫെല്ലോഷിപ്പുകള്‍ വിതരണം ചെയ്യാതെയും കേന്ദ്ര സര്‍വകലാശാലകള്‍ക്ക് ഫണ്ടിനം വെട്ടിക്കുറച്ചും ഫീസിനത്തിലും മറ്റുമുള്ളവയുടെ നിരക്ക് വര്‍ധിപ്പിച്ച് പിന്നാക്കക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഹനിച്ചും ഈ സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയാണ്. കത്വയിലെ എട്ട് വയസ്സുകാരിയും ഉന്നാവോയിലെ പെണ്‍കുട്ടിയും അതിന്റെ കുടുംബവും അടക്കം വിളിച്ചുപറയുന്നത് ഈ രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായി എന്നാണ്. ബേട്ടി പഠാവോ ബേട്ടി ബചാവോ (പെണ്‍കുട്ടിയെ പഠിപ്പിക്കൂ, പെണ്‍കുട്ടിയെ രക്ഷിക്കൂ) എന്ന് പരസ്യം ചെയ്യാന്‍ ചെലവാക്കിയതിന്റെ നാലിലൊന്ന് സ്ത്രീ സുരക്ഷക്ക് വേണ്ടി ചെലവാക്കിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് മൂക്കുകുത്തി വീഴുമ്പോഴും ലാഭത്തിലായിരുന്ന ബി പി സി എല്ലും ബി എസ് എന്‍ എല്ലും പൊതുമേഖലയിലെ ഇന്ത്യയുടെ അഭിമാനമായിരുന്ന എയര്‍ ഇന്ത്യയും വരെ വിറ്റുതുലച്ചു. പ്രതിരോധ ഗവേഷണ രംഗത്ത് കാലങ്ങളായി രാജ്യതാത്പര്യങ്ങളെ സംരക്ഷിച്ച എച്ച് എ എല്‍ അടക്കമുള്ള സ്ഥാപനങ്ങളെ തുടരെ തുടരെ അവഗണിക്കുന്നത് കണ്ടു. ഒടുവില്‍ കല്‍ക്കരിയും ബഹിരാകാശ ഗവേഷണവും പ്രതിരോധവും എന്ന് തുടങ്ങി എല്ലാം കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ കാണിക്ക വെച്ചിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്്ടറല്‍ ബോണ്ടുകള്‍ വരേണ്ടത് അവരുടെ സന്തോഷത്തില്‍ നിന്നാണല്ലോ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കാലത്തും കടുത്ത അഴിമതി അരങ്ങേറുന്നു. പി എം കെയര്‍ കൂടിയാകുമ്പോള്‍ തിരഞ്ഞെടുപ്പുകളിലും തുടര്‍ന്നുള്ള കുതിരക്കച്ചവടങ്ങളിലും രാജ്യത്തിന്റെ ജനാധിപത്യം ഇവര്‍ തൂക്കിവില്‍ക്കും. നീതിന്യായ വ്യവസ്ഥ വരെ ക്രമക്കേടുകളുടെ നിഴലിലായിപ്പോയെന്ന് ആശങ്കപ്പെടുന്ന കാലം കൂടിയാണ് ഇത്. ഒരു യുക്തിക്കും ചേരാത്ത അയോധ്യ വിധിയും കേസ് പരിഗണിക്കുന്നതിലെ സുപ്രീം കോടതിയുടെ ഇഷ്ടാനിഷ്ടങ്ങളും ഈ ആശങ്ക ശക്തിപ്പെടുത്തുന്നു. ഈ ഇരുള്‍മുറ്റിയ സമയത്തും പ്രതീക്ഷയായി നമുക്ക് ഒരു പ്രതിപക്ഷം വേണം.

കൊവിഡ് കാലത്ത് കൃത്യമായ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും തിരുത്തലുകളുമായി രാഹുല്‍ ഗാന്ധി പ്രതീക്ഷയാകുന്നുണ്ട്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സാമൂഹിക ഇടപെടലുകളുമായി സമാന്തര രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ക്കുന്നതും പ്രതീക്ഷയാണ്. എന്നാല്‍ വേണ്ടത് സ്ഥിരതയാണ്. ജനം ആവശ്യപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അവര്‍ക്ക് മുഖം കൊടുക്കണം, അവരോടൊപ്പം ഉണ്ടാകണം. മാത്രവുമല്ല, എന്‍ ഡി എ പറഞ്ഞു പ്രചരിപ്പിച്ച ഗുജറാത്ത് മോഡല്‍ അടക്കമുള്ളവ ചീട്ടുകൊട്ടാരം പോലെ വീഴുകയും കേരള മോഡല്‍ അടക്കമുള്ള ഇടതുപക്ഷ സോഷ്യലിസ്റ്റ് രാഷ്ട്രീയം ബദലാകുകയും ചെയ്യുന്നത് ആശാവഹമാണ്. ഒപ്പം, ഝാര്‍ഖണ്ഡില്‍ നിന്നും ഛത്തീസ്ഗഢില്‍ നിന്നും പ്രതിപക്ഷത്തിന് നല്ല വാര്‍ത്തകള്‍ ഒരുപിടിയുണ്ട്.

---- facebook comment plugin here -----

Latest