Connect with us

Editorial

പ്രഖ്യാപനത്തിലൊതുങ്ങരുത് ഉദ്യോഗസ്ഥ പുനര്‍വിന്യാസം

Published

|

Last Updated

കഴിഞ്ഞ സംസ്ഥാന ബജറ്റിലെ മുഖ്യ നിര്‍ദേശങ്ങളിലൊന്നായിരുന്നു ഉദ്യോഗസ്ഥ പുനര്‍വിന്യാസം. സെക്രട്ടേറിയറ്റിലുള്‍പ്പെടെ സംസ്ഥാനത്തെ പല ഭരണ വകുപ്പുകളിലും ആവശ്യത്തില്‍ കവിഞ്ഞ ജീവനക്കാരുണ്ട്. ചില വകുപ്പുകളില്‍ ജീവനക്കാര്‍ കുറവുമാണ്. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിലൂടെ ഈ പ്രശ്‌നം പരിഹരിച്ചാല്‍ ഭരണരംഗത്ത് കുറച്ചെങ്കിലും അധികച്ചെലവ് ഇല്ലായ്മ ചെയ്യാനാകും. സെക്രട്ടേറിയറ്റിലെ ഭരണ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി മുഖ്യമന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കഴിഞ്ഞ വാരത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ അനിവാര്യത എടുത്തു പറയുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ അധികമുള്ള 300 ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കണമെന്നാണ് അഡീഷനല്‍, ജോയിന്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശിപാര്‍ശ.

സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ടൈപിസ്റ്റ്) തസ്തികകളില്‍ 750 പേര്‍ ജോലി ചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ അവിടെ ആവശ്യമുള്ളൂ. ഇ ഫയല്‍ ആയതോടെ ഓഫീസ് അറ്റന്‍ഡര്‍മാര്‍ക്കും ടൈപിസ്റ്റുകള്‍ക്കും കാര്യമായ ജോലിയില്ലാതെയായിട്ടുണ്ട്. വകുപ്പുകളില്‍ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലി കൂടുതലുള്ള ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് മാറ്റണമെന്നാണ് സമിതിയുടെ ശിപാര്‍ശ. ജീവനക്കാരെ ആവശ്യമുണ്ടെന്ന് വിവിധ വകുപ്പുകള്‍ സര്‍ക്കാറിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
പല വകുപ്പുകളിലും ആവശ്യമില്ലാത്ത ഒട്ടേറെ തസ്തികകളുണ്ടെന്ന് സര്‍ക്കാറിന് നേരത്തേ തന്നെ അറിയാവുന്നതാണ്. അധിക തസ്തികകള്‍ കണ്ടെത്തി പുനര്‍വിന്യസിക്കുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കുകയുമുണ്ടായി. ഇതടിസ്ഥാനത്തില്‍ അധികമുള്ള ജീവനക്കാരെ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ “വര്‍ക്ക് സ്റ്റഡി” ആരംഭിക്കുകയും ഓരോ വകുപ്പിലും ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാന്‍ അതാത് വകുപ്പു മേധാവികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ പുനര്‍വിന്യാസത്തോട് ജീവനക്കാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ മിക്ക വകുപ്പു മേധാവികളും കണക്ക് സമര്‍പ്പിക്കാന്‍ മനപ്പൂര്‍വം കാലതമാസം വരുത്തുന്നതായാണ് വിവരം. ഭരണാനുകൂല സംഘടനകളില്‍ നിന്നുള്‍പ്പെടെ പുനര്‍വിന്യാസ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുമുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നാണ് എതിര്‍പ്പ് രൂക്ഷം. സെക്രട്ടേറിയറ്റ് ജീവനക്കാരെ പൊതുവെ പുറത്തേക്ക് സ്ഥലം മാറ്റാറില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കീഴ്്വഴക്കം നോക്കാതെ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം അവശേഷിക്കെ ഇത് രാഷ്ട്രീയമായി ദോഷം ചെയ്‌തേക്കുമെന്ന് സര്‍ക്കാറിന് ആശങ്കയുണ്ട്.

രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ പ്രളയവും കൊറോണയും മുന്‍കാലങ്ങളിലൊന്നും അനുഭവിക്കാത്തത്ര അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെയും നടപ്പു വര്‍ഷത്തെയും വരവുകള്‍ താരതമ്യം ചെയ്താല്‍ ഈ പ്രതിസന്ധിയുടെ രൂക്ഷത ബോധ്യമാകും. 2019 ഏപ്രില്‍ മാസത്തില്‍ ജി എസ് ടി ഇനത്തില്‍ സംസ്ഥാനത്തു നിന്ന് 1,950.71 കോടി രൂപ പിരിഞ്ഞുകിട്ടിയ സ്ഥാനത്ത് 2020 ഏപ്രില്‍ മാസത്തില്‍ ഇത് 153.26 കോടി രൂപ മാത്രമായിരുന്നു. ഭൂനികുതിയായി 19.65 കോടി രൂപ കിട്ടിയിരുന്നത് ഈ വര്‍ഷം 2.70 കോടി രൂപയായും എക്‌സൈസ് ഡ്യൂട്ടി 193.08 കോടിയില്‍ നിന്ന് വെറും 22.83 കോടിയായും മോട്ടോര്‍ വാഹന നികുതി 298.42 കോടിയില്‍ നിന്ന് 3.52 കോടിയായും താഴ്ന്നു. സംസ്ഥാനത്തിന് ജി എസ് ടി നഷ്ടപരിഹാര ഇനത്തില്‍ ലഭിക്കേണ്ട 5,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുമില്ല. വികസന പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാണെന്നു മാത്രമല്ല, ദൈനംദിന ഭരണപ്രവര്‍ത്തനങ്ങള്‍ക്കു പോലും കടമെടുക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് പുനര്‍വിന്യാസം നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്.

ഉദ്യോഗസ്ഥ തസ്തികകളുടെ ആധിക്യം കുറക്കുന്നതിനു പുറമെ ഭരണതലത്തിലെ മറ്റു അധികച്ചെലവുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ഉദ്യോഗസ്ഥ തലത്തില്‍ പണിയെടുക്കാതെ വേതനവും ആനുകൂല്യങ്ങളും എഴുതിവാങ്ങുന്ന പ്രവണതക്ക് തടയിടുകയും ചെയ്യേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ മേഖലയിലെയും പോലീസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ കൈയും മെയ്യും മറന്നും ഡ്യൂട്ടിസമയത്തില്‍ കവിഞ്ഞും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചപ്പോള്‍ മറ്റു പല വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകാതെ വീട്ടില്‍ സുഖവാസത്തിലായിരുന്നു. എന്നാലും അവരും എഴുതിവാങ്ങിയിട്ടുണ്ട് ഈ കാലയളവിലെ മുഴുശമ്പളമുള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും. ഇങ്ങനെ അനര്‍ഹമായി ശമ്പളം എഴുതിവാങ്ങിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇതിന്റെ മുന്നോടിയായി ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട് മന്ത്രി.

അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാലറി ചലഞ്ചിന് ആവശ്യപ്പെട്ടപ്പോള്‍ നിസ്സഹകരിക്കുകയും അത് പരാജയപ്പെടുത്താന്‍ എല്ലാവിധ ശ്രമവും നടത്തുകയും സാലറി ചലഞ്ച് ഉത്തരവിന്റെ കോപ്പി പരസ്യമായി കത്തിക്കുകയും ചെയ്തവരാണ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം. ഇവരാണിപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും എഴുതിവാങ്ങുന്നതില്‍ മുന്‍പന്തിയില്‍. സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഭരണ രംഗത്തുള്ളവര്‍ക്കും ശമ്പളം നല്‍കുന്നത്. വളരെ സൂക്ഷ്മതയോടെയും കാര്യബോധത്തോടെയും വേണം പൊതുഖജനാവിന്റെ വിനിയോഗം. ആവശ്യത്തില്‍ കവിഞ്ഞ ജീവനക്കാരെ നിലനിര്‍ത്തിയും അര്‍ഹതയില്ലാതെ വേതനം നല്‍കിയും നികുതിപ്പണം ദുര്‍വ്യയം ചെയ്യാനിട വരരുത്. ഇക്കാര്യത്തില്‍ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പല്ല ജനതാത്പര്യവും സംസ്ഥാനത്തിന്റെ പൊതുനന്മയുമാണ് പരിഗണിക്കേണ്ടത്.

Latest