നവാഗതരുടെ മനംകവർന്ന് മിട്ടു പൂച്ചയും തങ്കു പൂച്ചയും

Posted on: June 2, 2020 1:14 am | Last updated: June 2, 2020 at 1:14 am

കോഴിക്കോട് | ആടിയും പാടിയും കഥപറഞ്ഞും കൊച്ചു കൂട്ടുകാർക്ക് രസകരമായി ക്ലാസെടുത്ത് കുട്ടിക്കൂട്ടങ്ങൾക്കിടയിൽ താരമായിരിക്കുകയാണ് ടീച്ചർമാരായ സായി ശ്വേതയും അഞ്ജു ക്യഷ്ണയും. കാർട്ടൂണുകൾക്ക് മാത്രമായി ടിവിയുടെ മുമ്പിലിരിക്കുന്ന കൊച്ചുകൂട്ടുകാർ ആദ്യമായാണ് ഓൺലൈൻ ക്ലാസിനായി കൗതുകത്തോടെ ടി വിയുടെ മുമ്പിലെത്തിയത്.
കുട്ടികളെക്കാൾ ആകാംഷയായിരുന്നു അച്ഛനമ്മമാർക്ക്. എന്നാൽ ടി വി തുറന്നപ്പോൾ കഥയാകെ മാറി. കൊച്ചു ടി വി വെക്കാൻ വാശി പിടിച്ചവർ ടീച്ചർമാരുടെ ക്ലാസ് തുടങ്ങിയതോടെ ക്ഷമയോടെ കേട്ടിരുന്നു. ടീച്ചർമാർക്കൊപ്പം തന്നെ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കൊച്ചു കൂട്ടുകാർ ആവേശത്തിലായി.

ഒന്നാം ക്ലാസിലെ കുട്ടികളുടെ മനസ്സിൽ കയറിയ രണ്ട് പേരും കോഴിക്കോട് ജില്ലയിലെ മുതുവടത്തൂർ വി വി എൽ പി സ്‌കൂളിലെ അധ്യാപകരാണ്. ഒന്നാം ദിവസം സായി ശ്വേതതങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞാണ് കുഞ്ഞു കൂട്ടുകാരെ ആകർഷിപ്പിച്ചതും പിടിച്ചിരുത്തിയതും.

സായി ശ്വേത മുമ്പ് അധ്യാപകരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയിൽ ഈ കഥ വീഡിയോയായി ചെയ്തിരുന്നു. അധ്യാപക കൂട്ടമെന്ന ബ്ലോഗിൽ അത് പിന്നീട് ഷെയർ ചെയ്തു. ഇത് കണ്ട എസ് സി ആർ ടി ഉദ്യോഗസ്ഥർക്ക് ക്ലാസ് ഇഷ്ടപ്പെട്ടു. അങ്ങനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കാണിച്ചു. തുടർന്ന് മന്ത്രിയാണ് ഒന്നാം ദിവസം ആദ്യത്തെ ക്ലാസ് സായി ശ്വേത എടുക്കട്ടെയെന്ന് പറഞ്ഞത്.

ഡാൻസ് കലാകാരിയും ടിക് ടോക്കിലെ താരവും കൂടിയാണ് സായി ശ്വേത. മുതുവടത്തൂർ വി വി എൽ പി സ്‌കൂളിൽ മലയാളം മീഡിയം രണ്ടാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. ഒന്നാം ക്ലാസുകാർക്ക് വേണ്ടി പാട്ട് പാടി ക്ലാസെടുത്തത് ശ്വേത ടീച്ചറുടെ ഉറ്റ സുഹൃത്തും അതേ സ്‌കൂളിലെ തന്നെ ടീച്ചറുമായ അഞ്ജു ക്യഷ്ണയാണ്.

ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസിലെ ടീച്ചറാണ് അഞ്ജു കൃഷ്ണ. വടകര മുതുവടത്തൂർ സ്വദേശികളും അയൽക്കാരുമാണ് ഇരുവരും. ടീച്ചർമാരുടെ ക്ലാസ് കഴിഞ്ഞപ്പോൾ പെട്ടെന്ന് ക്ലാസ് കഴിഞ്ഞതിലുള്ള പരിഭവമായിരുന്നു കുഞ്ഞുങ്ങൾക്ക്. ഒന്നാം ക്ലാസ് കുട്ടികൾക്കായി നാളെയും ഇവരുടെ ക്ലാസുണ്ടാകും.