Connect with us

Education

ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ പൂർത്തിയായി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടർന്ന് നേരത്തേ മാറ്റിവെച്ച ഈ വർഷത്തെ ഹയർസെക്കൻഡറി, വി എച്ച് എസ് ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ ഇന്നലെ സമാപിച്ചു. അവസാന പ്ലസ് വൺ പരീക്ഷകൾ വൈകീട്ട് നാല് മണിയോടെയാണ് അവസാനിച്ചത്. വി എച്ച് എസ് ഇയിൽ ഉൾപ്പെടെ ഒമ്പത് ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.

കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു പരീക്ഷകൾ നടന്നത്. ലോക്ക് ഡൗണിനെ തുടർന്ന് നീട്ടി വെച്ച ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 27 നാണ് പുനരാരംഭിച്ചത്. ഇതോടൊപ്പം പുനരാരംഭിച്ച എസ് എസ് എൽ സി പരീക്ഷകൾ കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു.
അവസാന ദിവസമായ ഇന്നലെ രാവിലെ രണ്ടാം വർഷ പരീക്ഷകളും, ഉച്ചക്ക് ശേഷം ഒന്നാം വർഷ പരീക്ഷകളുമാണ് നടന്നത്.

സംസ്ഥാനത്ത് 4,52,572 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുതിയത്. ഒന്നാം വർഷ പരീക്ഷ 4,38,825 വിദ്യാർഥികളും എഴുതി. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ സ്‌കൂളുകൾ കൃത്യമായി പാലിച്ചത് കൊവിഡ് കാലത്ത് സുരക്ഷിതമായി പരീക്ഷയെഴുതാൻ കുട്ടികൾക്ക് സഹായകമായി.

കൊവിഡ് അതിതീവ്ര വ്യാപന സോണിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് പരീക്ഷാകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്.
ചോദ്യപേപ്പറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകർ സ്പർശിക്കാവു എന്ന നിർദേശവും കർശനമായി നടപ്പാക്കിയിരുന്നു. ഹയർ സെക്കൻഡറി, എസ് എസ് എൽ സി പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിർണയം സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കും.

---- facebook comment plugin here -----

Latest