Connect with us

Articles

ജസ്റ്റിസ് ദീപക് ഗുപ്ത ‘തുറന്നു പറഞ്ഞു'

Published

|

Last Updated

സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കും പ്രമാണി വര്‍ഗങ്ങള്‍ക്കും രണ്ട് തരം നീതിയാണെന്നുള്ള ആക്ഷേപം കുറച്ചുകാലമായി വ്യാപകമായി ഇവിടെ വളര്‍ന്നുവന്നിട്ടുണ്ട്. പാവപ്പെട്ടവന് നീതി അപ്രത്യക്ഷമാകുമ്പോള്‍ സമ്പന്നര്‍ക്ക് അതെളുപ്പം പ്രാപ്തമാകുന്നു. കോടതികള്‍ വൈറ്റ്‌കോളര്‍ വിഭാഗത്തോട് എന്നും പ്രീതി പുലര്‍ത്തുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് നിഷ്‌കരുണം നീതി നിഷേധിക്കപ്പെടുന്നു.
പ്രമുഖ രാഷ്ട്ര തന്ത്രജ്ഞനായ ഹരോള്‍ഡ് ലാസ്‌കി ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തിന് നിയമത്തിന്റെ വാഴ്ചക്ക് സര്‍വോപരി സ്ഥാനം നല്‍കണം. നിയമവാഴ്ച നിലവിലുണ്ടെങ്കില്‍ മാത്രമേ യഥാര്‍ഥത്തിലുള്ള ജനാധിപത്യ ഭരണക്രമം നടപ്പാക്കാന്‍ കഴിയുകയുള്ളൂ. നിയമം സംരക്ഷിക്കേണ്ട കോടതികള്‍ തങ്ങളുടെ ജോലി കൃത്യമായും നിര്‍വഹിക്കണമെന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”.
നിയമവാഴ്ച യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തും ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഇന്നും അപ്രാപ്യമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നിയമവാഴ്ച യഥാര്‍ഥത്തിലിപ്പോഴും സങ്കല്‍പ്പത്തില്‍ മാത്രമാണ്. മഹാഭൂരിപക്ഷത്തിന് ഇത് ലഭ്യമാകുന്നില്ലെന്നര്‍ഥം.

 

രാജ്യത്ത് നിലവിലുള്ള നിയമവും നിയമ വ്യവസ്ഥയും സമ്പന്നര്‍ക്കും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കും വേണ്ടി നിര്‍മിച്ചതാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത പ്രസ്താവിച്ചത് വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നാണ്. കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നര്‍ക്കും ശക്തന്മാര്‍ക്കും എല്ലാ നിലയിലും അനുകൂലമാണ്. ജഡ്ജിമാര്‍ക്ക് ഒട്ടകപ്പക്ഷികളെപ്പോലെ തല ഒളിപ്പിച്ചു വെക്കാന്‍ സാധിക്കില്ല. അവര്‍ നീതിന്യായ വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അവ കൈകാര്യം ചെയ്യുകയും വേണമെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

ഭരണഘടനയാണ് ജഡ്ജിമാരുടെ വിശുദ്ധ പുസ്തകം. ജഡ്ജിമാര്‍ കോടതിയില്‍ ഇരിക്കുമ്പോള്‍ അവരുടെ മതവിശ്വാസങ്ങള്‍ മറക്കുക തന്നെ വേണം. ന്യായാധിപന്മാര്‍ സ്വതന്ത്രരും നിര്‍ഭയരും സത്യസന്ധരുമാണെങ്കില്‍ മാത്രമേ നീതി നടപ്പാകുകയുള്ളൂ. ശരിയായ നീതി ലഭ്യമാകണമെങ്കില്‍ പാവങ്ങളുടെയും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെയും വികാരങ്ങള്‍ മാനിക്കാന്‍ കോടതിക്ക് കഴിയണം. ജഡ്ജിമാര്‍ കണ്ണാടിക്കൂട്ടില്‍ ഇരിക്കുകയല്ല ഇക്കാലത്ത് വേണ്ടതെന്നും നാട്ടിലിറങ്ങി എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. മുന്നില്‍ വരുന്ന കേസുകള്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, ഭരണഘടനക്ക് അനുസൃതമായാണ് ജഡ്ജിമാര്‍ വിധിക്കേണ്ടത്.
നമ്മുടെ രാജ്യത്ത് അഭിഭാഷകര്‍ നിയമത്തിന് വേണ്ടിയല്ലാതെ ആശയങ്ങള്‍ക്കും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വേണ്ടി വാദിക്കാറുണ്ട്. എന്നാല്‍ കക്ഷിക്കുവേണ്ടി നിയമത്തിനനുസരിച്ചാണ് ഈ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കേണ്ടത്. ഇതിന് വിപരീതം പ്രവര്‍ത്തിക്കുമ്പോള്‍ ദരിദ്രരില്‍ ദരിദ്രരായവരുടെ ഭരണഘടനാ അവകാശങ്ങളാണ് പലപ്പോഴും ലംഘിക്കപ്പെടുന്നത്. സ്വന്തമായി ശബ്ദമില്ലാത്ത ഇവരാണ് ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത്. പരമോന്നത കോടതി ഇവരെ കേള്‍ക്കാനെങ്കിലും തയ്യാറാകണം.

സമ്പന്നനായ ഒരാള്‍ കോടതി കയറി ഇറങ്ങിയില്ലെങ്കിലും അയാളുടെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് നടക്കും. അനുകൂലമായ കോടതി വിധി വരുന്നതുവരെ, വിചാരണ വൈകിപ്പിക്കുന്നതിന് അയാള്‍ മേല്‍ കോടതികളെ സമീപിക്കും. എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഇത് സാധിക്കുകയില്ല. അതുകൊണ്ട് തന്നെ സമൂഹത്തിലെ താഴേക്കിടയിലുള്ള പാവപ്പെട്ടവരുടെ കോടതി വ്യവഹാരങ്ങള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
ഇന്ത്യന്‍ ജുഡീഷ്യറി സമ്പന്ന വര്‍ഗത്തിന്റെ അത്താണിയായി മാറിയിട്ടുണ്ടെങ്കിലും രാജ്യത്തിന് ഈ നിയമ വ്യവസ്ഥയില്‍ വലിയ വിശ്വാസമാണുള്ളത്. ജുഡീഷ്യറിയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയപ്പെടുകയും ഫലപ്രദമായി കൈകാര്യം ചെയ്യുകയും വേണം.

ഇന്ത്യന്‍ ജുഡീഷ്യറി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ജഡ്ജിമാര്‍ക്ക് സ്വതന്ത്രമായി നിര്‍ഭയത്തത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്നില്ലെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ഇതിനു പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും ജസ്റ്റീസ് ദീപക് ഗുപ്ത എടുത്തു പറഞ്ഞിരുന്നു.
ഇന്ത്യന്‍ ജുഡീഷ്യറി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി മാറിയിട്ട് കുറേക്കാലമായി. സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ക്കു പോലും യാതൊരു വിലയുമില്ലാതായിട്ടുണ്ട്. ജുഡീഷ്യറിയിലെ എല്ലാ കാര്യങ്ങളും എക്‌സിക്യൂട്ടീവിന് തന്നെ തീരുമാനിക്കാമെന്ന സ്ഥിതി ഇവിടെ സംജാതമായിട്ടുണ്ട്. ഇതിനെതിരായി ശബ്ദിക്കുന്ന പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ക്കുപോലും നിലനില്‍പ്പില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. എക്‌സിക്യൂട്ടീവിന്റെ താളത്തിനൊത്ത് തുള്ളുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പ്രതിഫലമായി ഉന്നത സ്ഥാനങ്ങള്‍ നല്‍കുന്ന സംഭവങ്ങളും ഇവിടെ സാധാരണമായിരിക്കുന്നു.
നമ്മുടെ ഭരണഘടനയുടെ നെടുംതൂണാണ് ജുഡീഷ്യറി. നിയമനിര്‍മാണ സഭക്കും എക്‌സിക്യൂട്ടീവിനും ഒപ്പമോ അതില്‍ കൂടുതലോ പ്രാധാന്യം യഥാര്‍ഥത്തില്‍ ജുഡീഷ്യറിക്കുണ്ട്. നമ്മുടെ രാജ്യത്തെ നീതിനിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ ഏക ആശ്രയം ഇപ്പോഴും കോടതി തന്നെയാണ്. ജസ്റ്റിസ് ദീപക് ഗുപ്ത ജുഡീഷ്യറിയുടെ പ്രാധാന്യം തന്നെയാണ് തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമായി ഇതു മാറുകയും ചെയ്തിരിക്കുന്നു. സുപ്രീം കോടതിയുടെ നീതിരഹിതമായ പല തീരുമാനങ്ങളിലും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച ജഡ്ജിയാണ് ദീപക് ഗുപ്തയെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

ഇന്ത്യയില്‍ വര്‍ഷങ്ങളായി വിവിധ ജയിലുകളില്‍ വിചാരണാ തടവുകാരായി റിമാന്‍ഡില്‍ കഴിയുന്ന പതിനായിരക്കണക്കിന് തടവുകാരുണ്ട്. ഇവര്‍ യാതൊരു സാമ്പത്തിക ശേഷിയില്ലാത്തവരും ദളിതരും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്. ഓരോ സംസ്ഥാനത്തും ആയിരക്കണക്കിനാളുകള്‍ ഈ നിലയില്‍ വിചാരണാ തടവുകാരായി തുടരുകയാണ്. സമൂഹത്തിലെ സമ്പന്നര്‍ക്കു വേണ്ടി നിരന്തരം വിധിയെഴുതുന്ന നമ്മുടെ രാജ്യത്തെ കോടതികള്‍ക്ക് ഇക്കൂട്ടര്‍ക്കു വേണ്ടി വിരലനക്കാന്‍ പോലും കഴിയുന്നില്ലെന്നുള്ളത് വളരെ ഖേദകരമാണ്.

പരമോന്നത കോടതിയിലെ ജഡ്ജിമാരെ റിട്ടയര്‍മെന്റിനുശേഷം ഉന്നത ഉദ്യോഗങ്ങളില്‍ അവരോധിക്കുന്നത് ലോകത്തെ പല രാജ്യങ്ങളിലും ഇന്ന് നിര്‍ത്തിവെച്ചിട്ടുണ്ട്. ജനവികാരം മാനിച്ചാണ് അവിടങ്ങളില്‍ അത്തരം തീരുമാനം ഉണ്ടായിട്ടുള്ളത്. പക്ഷേ നമ്മുടെ രാജ്യത്തെ ജഡ്ജിമാര്‍ക്ക് ഔദ്യോഗിക പദവികള്‍ മാത്രമല്ല, പാര്‍ലിമെന്റ് അംഗത്വം പോലും നല്‍കിവരികയാണ്. എക്‌സിക്യൂട്ടീവിന്റെ അനുസരണയുള്ള ഭൃത്യനായി നില്‍ക്കുകയും റിട്ടയര്‍മെന്റിനു ശേഷം ഉന്നത പദവികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായി അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും ജസ്റ്റിസ് ദീപക് ഗുപ്ത മുന്നോട്ട് വന്നിട്ടുണ്ട്. ജുഡീഷ്യറിയിലെ ഉന്നതന്മാരില്‍ നിന്ന് നമ്മുടെ രാജ്യത്തെ സാധാരണ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ധീരമായ നടപടികളാണ് ഈ ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എന്തായാലും ജസ്റ്റിസ് ദീപക് ഗുപ്തയുടെ തുറന്നുപറച്ചില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെയും അതിന്റെ നെടുംതൂണായ ജുഡീഷ്യറിയുടെയും തനിനിറം രാജ്യത്തിന് മുന്നില്‍ തുറന്നു കാട്ടുകയാണ് ചെയ്യുന്നത്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest