Connect with us

Covid19

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര അലംഭാവം കാട്ടി: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ച് സര്‍ക്കാറിന്റെ പക്കല്‍ ഒരു കണക്കുണ്ടായിരുന്നെങ്കില്‍ എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാന്‍ കഴിയുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വിഷയത്തില്‍ ഗുരുതര അലംഭാവം കാട്ടി. വാളയാറില്‍ കുടുങ്ങിയവര്‍ക്ക് സഹായം ചെയ്തത് കോയമ്പത്തൂര്‍ കലക്ടറാണ്. പാലക്കാട് കലകടര്‍ ഒരു നടപടിയും ചെയ്തില്ല. മറ്റ് സംസ്ഥാനത്ത് കുടുങ്ങിയവര്‍ക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തി. പിറന്ന നാട്ടിലേക്ക് വരാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാല് ലക്ഷം ആളുകളെ വിവിധ സംസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുപോയി. ഒരാളെ പോലും കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. കെ എസ് ആര്‍ ടി സി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു ബസ് സര്‍വ്വീസ് പോലും നടത്തിയില്ല. വാഹനമുള്ളവര്‍ക്ക് മാത്രമാണ് അതിര്‍ത്തി കടക്കാന്‍ പാസ് നല്‍കുന്നത്. ഇനി സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യമില്ല. ഇനി മുതല്‍ റഗുലര്‍ ട്രെയിന്‍ ഓടിച്ചാല്‍ മതിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെറും പി ആര്‍ വര്‍ക്ക് മാത്രമാണെന്നും ഇതിന് പിന്നില്‍ സ്പ്രിന്‍ക്ലറാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും കേരളത്തെ ചിലര്‍ പുകഴ്ത്തുന്നതിന് പിന്നില്‍ സ്പ്രിന്‍ക്ലറാണ്. അമേരിക്കന്‍ സെനറ്റര്‍മാര്‍വരെ പുകഴ്ത്തുന്നത് സ്പ്രിന്‍ക്ലറിന്റെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര മീഡിയ മാനേജ്‌മെന്റിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു