Connect with us

Covid19

എയര്‍ ഇന്ത്യക്ക്‌ ഖത്തര്‍ അനുമതി നിഷേധിച്ചത് പണം വാങ്ങി സര്‍വ്വീസ് നടത്തുന്നതിനാലാണെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ | പ്രവാസികളേയുമായി കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് പറന്നുയരേണ്ടിയരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിച്ചത് കേന്ദ്രവ്യോമയാന മന്ത്രാലയം തെറ്റിദ്ധരിപ്പിച്ചതിനാലാണെന്ന് ആരോപണം. കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സൗജന്യമാാണെന്നാണ് കേന്ദ്രം ഖത്തറിനെ അറിയിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ചാണ് ആദ്യം അനുമതി നല്‍കിയത്. എന്നാല്‍ പണം വാങ്ങിയാണ് എയര്‍ ഇന്ത്യ യാത്രക്കാരെ കൊണ്ടുവരുന്നത് എന്നറിഞ്ഞതിനെ തുടര്‍ന്നാണ് ഖത്തര്‍ പെട്ടന്ന് അനുമതി നിഷേധിച്ചത്. പണം വാങ്ങിയാണെങ്കില്‍ ഖത്തര്‍ എയര്‍വേഴ്‌സും സര്‍വ്വീസിന് തയ്യാറാണെന്ന് ഇവര്‍ കേന്ദ്രത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പല രാജ്യങ്ങളിലെ പൗരന്‍മാരേയും അതത് രാജ്യക്കാര്‍ സൗജന്യമായാണ് നാട്ടിലെത്തിച്ചത്. ഇന്ത്യയും സ്വന്തം പൗരന്‍മാരെ കൊണ്ടുപോകുന്നത് സൗജന്യമാണെന്നാണ് കേന്ദ്രം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയര്‍ ഇന്ത്യക്ക് ഖത്തര്‍ ഇളവ് അനുവദിച്ചിരുന്നു. എയര്‍പോര്‍ട്ട് പാര്‍ക്കക്കിംഗ് ഫീസ്, ഹാന്‍ഡ്‌ലിംഗ് ഫീസ് ഉള്‍പ്പെടെയുള്ളവയിലായിരുന്നു ഇളവ് നല്‍കിയത്.
ദോഹയില്‍ നിന്ന് ആദ്യ എയര്‍ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായും ഖത്തര്‍ അറിഞ്ഞത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ വിമാനത്തിന് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ആളുകളില്‍ നിന്ന് പണമീടാക്കി നടത്തുന്ന യാത്രക്ക് എന്തിനാണ് തങ്ങള്‍ സൗജന്യമായി ഇളവുകള്‍ നല്‍കുന്നതെന്ന ചോദ്യമാണ് ദോഹ ഹമദ് വിമാനത്താവളം ഉയര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം എയര്‍ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാല്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ വിമാനസര്‍വീസ് ഖത്തര്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest