Connect with us

Covid19

കേരളത്തിലേക്ക് പാസില്ലാതെ വരുന്നവരെ തമിഴ്‌നാടും അതിര്‍ത്തിയില്‍ തടയും

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിലേക്ക് പാസില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കെതിരെ തമിഴ്‌നാടും ശക്തമായ നടപടി സ്വീകരിക്കും. തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍വെച്ച് തന്നെ ഇവരെ തടഞ്ഞ് തിരിച്ചയക്കാനാണ് നീക്കം. ഇന്ന് മുതല്‍ തമിഴ്‌നാടും നടപടി തുടങ്ങും. ഇത് സംബന്ധിച്ച് കേരള, തമിഴ്‌നാട് ഡി ജി പിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തമിഴ്‌നാട് നല്‍കുന്ന പാസിന് പുറമെ കേരളം നല്‍കുന്ന പാസുകൂടി ഉണ്ടെങ്കില്‍ മാത്രമേ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് തമിഴ്‌നാട് വഴി യാത്ര അനുവദിക്കൂവെന്നാണ് റിപ്പോര്‍ട്ട്. പ്രവേശിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും പാസുണ്ടെയെന്ന് പരിശോധിച്ചതിന് ശേഷം മാത്രം കടത്തി വിടും.

വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകളിലെ തിരക്ക് കുറയ്ക്കാനും കേരളത്തിലേക്ക് പാസില്ലാതെ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരെ തടയാനുമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ വരുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനുണ്ടായ കാരണം.

റോഡുകളില്‍ തന്നെ പരിശോധന നടത്തി പാസുള്ളവരെ മാത്രം കടത്തി വിടാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.വരുന്ന സ്ഥലങ്ങളിലെ ജില്ലാ കലക്ടര്‍മാരുടെ പാസ് ലഭിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലങ്ങളുടെ ജില്ലാ കലക്ടര്‍മാരില്‍ നിന്ന് പാസുകള്‍ ലഭ്യമാകാന്‍ വൈകുന്നതായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹോംക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ തീരുമാനമെടുത്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ തന്നെ 14 ദിവസത്തെ ക്വാന്റൈനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഇവരുടെ വീടുകളില്‍ സൗകര്യമുണ്ടോയെന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രാദേശിക ജില്ലാ ഭരണസംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരേയും രോഗബാധ സംശയിക്കുന്നവരേയും ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈന്‍ ചെയ്യും.

 

Latest